അക്കാദമിക് കലണ്ടർ പുന:പരിശോധിക്കുക, അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക; കൊയിലാണ്ടി എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയുമായി ദേശീയ അധ്യാപക പരിഷത്ത്


കൊയിലാണ്ടി: വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച്‌ പ്രഖ്യാപിച്ച അക്കാദമിക് കലണ്ടർ പുന:പരിശോധിക്കുക, അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസപ്പ് പരിഷ്കരിക്കുക, ഉച്ചഭക്ഷണത്തുക കാലോചിതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങൾ കൊയിലാണ്ടി ഉപജില്ലയിലെ സ്‌ക്കൂളുകളില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു.

തുടർന്ന് വൈകുന്നേരം എ ഇ ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം സി ബൈജു മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട്‌ ബി.എൻ ബിന്ദു അധ്യക്ഷത വഹിച്ചു.

ജോ.സെക്രട്ടറി പി.വി സംജിത് ലാൽ, വടകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എൽ.എസ് ശിബി, കെ പ്രജിത്, എം.കെ രൂപേഷ്, കെ ജിതേഷ് എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി ആർ.ജെ മിഥുൻലാൽ സ്വാഗതം പറഞ്ഞു. ട്രഷറർ ടി.ജിതിൻ നന്ദി പ്രകാശിപ്പിച്ചു.