മൂരാട് പാലം തുറന്നു, അടിപ്പാതകള്‍ മിക്കതും അന്തിമ ഘട്ടത്തില്‍; സര്‍വ്വീസ് റോഡുകളുടെ വീതിക്കുറവും വെള്ളക്കെട്ടുമെല്ലാം തീരാതലവേദനയായി ദേശീയപാതയുടെ പ്രവൃത്തി പുരോഗമിച്ച വര്‍ഷം


കൊയിലാണ്ടി: ദേശീയപാതയുമായി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറെ മാറ്റങ്ങള്‍ വന്ന വര്‍ഷമായിരുന്നു 2024. കൊയിലാണ്ടി മണ്ഡലത്തിലെ പ്രവൃത്തി നോക്കുമ്പോള്‍ പണി പൂര്‍ത്തിയാക്കി മൂരാട് പാലം തുറന്നുവെന്നത് പ്രധാന നേട്ടമായി എടുത്തുപറയാവുന്നതാണ്. ജനകീയ ആവശ്യപ്രകാരം അനുവദിക്കപ്പെട്ട അടിപ്പാതകളില്‍ ചിലത് പൂര്‍ത്തിയാവുകയും മറ്റുള്ളവ അവസാന ഘട്ടത്തിലുമാണ്. ഇതെല്ലാം ആശ്വാസകരമായ കാര്യമാണെങ്കിലും നിര്‍മ്മാണത്തിലെ അപാകതമൂലമുണ്ടായ പ്രശ്‌നങ്ങളും മഴക്കാലത്തുണ്ടാക്കുന്ന യാത്രാബുദ്ധിമുട്ടുകള്‍ക്കുമൊന്നും പോയവര്‍ഷത്തിലും ഒട്ടും കുറവുണ്ടായിരുന്നില്ല.

2024 മാര്‍ച്ചിലാണ് അഴിയൂര്‍ വെങ്ങളം റീച്ചിലെ പ്രധാന പ്രവൃത്തിയായ മൂരാട് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. 32 മീറ്റര്‍ വീതിയില്‍ പണിയുന്ന പാലത്തിന്റെ കിഴക്ക് ഭാഗത്തെ 16 മീറ്ററില്‍ മൂന്ന് വരിയായി പണിത ഭാഗമാണ് ഗതാഗതത്തിനായി തുറന്നത്. പടിഞ്ഞാറ് ഭാഗത്തെ 16മീറ്റര്‍ മൂന്നുവരി പാലം നിര്‍മ്മാണവും പൂര്‍ത്തിയാട്ടുണ്ട്. പാലം തുറക്കുന്നതിന് മുമ്പ് കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ഗതാഗത തടസത്തില്‍ കുപ്രസിദ്ധമായ ഇടങ്ങളിലൊന്നായിരുന്നു പഴയ മൂരാട് പാലം. ഇവിടെ ട്രാഫിക് പൊലീസും ഹോം ഗാര്‍ഡും ചേര്‍ന്നായിരുന്നു ഗതാഗതം നിയന്ത്രിച്ചിരുന്നത്. പുതിയ പാലം വഴി ഗതാഗതം അനുവദിച്ചതോടെ ഇവരെ പൂര്‍ണമായും പിന്‍വലിച്ചു.

ഇരിങ്ങലിനും പയ്യോളിക്കും ഇടയില്‍ ദേശീയപാത പ്രവൃത്തി പൂര്‍ത്തിയായ ഇടങ്ങളില്‍ നിലവില്‍ ഈ റോഡിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇവിടെ സര്‍വ്വീസ് റോഡുകളുടെ പണി പുരോഗമിക്കുകയാണ്. ജനകീയമായ പോരാട്ടങ്ങളുടെയും ജനപ്രതിനിധികളുടെ ഇടപെടലുകളുടെയും ഭാഗമായി അനുവദിക്കപ്പെട്ട പൂക്കാട്, പൊയില്‍ക്കാവ്, ആനക്കുളം, മൂടാടി, തിക്കോടി, അയനിക്കാട് അടിപ്പാതകളുടെ പ്രവൃത്തി നടന്നതും ഈ വര്‍ഷമാണ്. ഒട്ടുമിക്ക ഇടങ്ങളിലും അടിപ്പാതകളുടെ പണി പൂര്‍ത്തിയായതും മറ്റിടങ്ങളില്‍ അവസാനഘട്ടത്തിലുമാണ്. അഴിയൂര്‍-വെങ്ങളം റീച്ചില്‍ നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെയുള്ള ദേശീയപാത ബൈപ്പാസ് റോഡായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പന്തലായനി മുതല്‍ ചെങ്ങോട്ടുകാവ് വരെയുള്ള ഭാഗങ്ങളില്‍ പ്രവൃത്തി പൂര്‍ത്തിയാട്ടുണ്ട്.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുമ്പോഴും പ്രവൃത്തിയിലെ അപാകതകള്‍ സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്. സര്‍വ്വീസ് റോഡുകളുടെ വീതിക്കുറവാണ് പ്രധാന പ്രശ്‌നം. കൊയിലാണ്ടി മണ്ഡലത്തില്‍ മിക്കയിടങ്ങളിലും സര്‍വ്വീസ് റോഡിന് ആവശ്യത്തിന് വീതിയില്ല. എന്തെങ്കിലും തകരാറുകൊണ്ട് വലിയ വാഹനങ്ങള്‍ സര്‍വ്വീസ് റോഡില്‍ കുടുങ്ങിയാല്‍ ഗതാഗതം താറുമാറാകുമെന്ന സ്ഥിതിയാണിപ്പോള്‍. അടുത്തിടെ മൂരാട് പാലത്തിന് സമീപത്തായി ഒരു കെ.എസ്.ആര്‍.ടി.സി ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് ഒരു സൂചനമാത്രമാണ്. തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപത്തായി സര്‍വ്വീസ് റോഡിന് വീതി വളരെ കുറവാണ്. സ്ഥലമേറ്റെടുപ്പിലെ തര്‍ക്കം കാരണമാണ് ഇങ്ങനെ സംഭവിച്ചത്. ഇത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സര്‍വ്വീസ് റോഡുകള്‍ക്കൊപ്പമുള്ള ഡ്രൈനേജ് സ്ലാബുകളുടെ ബലക്ഷയമാണ് മറ്റൊരു പ്രശ്‌നം. ഡ്രൈനേജ് കൂടി വാഹനങ്ങള്‍ കടന്നുപോകാനായി ഉപയോഗിക്കാമെന്നാണ് അവകാശവാദമെങ്കിലും മിക്കയിടത്തും വാഹനങ്ങള്‍ കയറുമ്പോള്‍ സ്ലാബുകള്‍ പൊട്ടിയിരിക്കുകയാണ്. തിക്കോടിയില്‍ സ്ലാബുകള്‍ തകര്‍ന്ന് ബൈക്ക് അപകടത്തില്‍പ്പെടുന്ന സ്ഥിതിയുമുണ്ടായി.

കേരളത്തിലെ കാലാവസ്ഥ സാഹചര്യം പരിഗണിക്കാതെയുള്ള നിര്‍മ്മാണമാണ് മറ്റൊരു പ്രശ്‌നം. ഒട്ടുമിക്കയിടങ്ങളിലും മഴ പെയ്താല്‍ വെള്ളക്കെട്ടാണ്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് പറയുന്നതെങ്കിലും പലയിടത്തും വെള്ളം ഒഴുകി പോകാനുള്ള സംവിധാനമില്ല. തിക്കോടി ടൗണില്‍ റോഡിന് പടിഞ്ഞാറ് ഭാഗത്ത് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കേണ്ടിവരുന്ന അവസ്ഥയുണ്ട്.

താരതമ്യേന മെല്ലെയാണ് അഴിയൂര്‍ വെങ്ങളം റീച്ചിലെ പ്രവൃത്തി പുരോഗമിക്കുന്നത്. മണ്ണിന്റെ ലഭ്യതക്കുറവും കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. ഇതിനിടെ ചില മേഖലകളില്‍ അടിപ്പാത വേണമെന്ന ആവശ്യമുയര്‍ത്തി പ്രാദേശികമായി പ്രക്ഷോഭവും ശക്തമാണ്. തിക്കോടിയിലും ഇരിങ്ങല്‍ ടൗണിലുമെല്ലാം അടിപ്പാത വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആവശ്യമുന്നയിച്ചുള്ള ജനകീയ പ്രക്ഷോഭങ്ങളും പ്രവൃത്തികള്‍ക്ക് തടസമായി നില്‍ക്കുന്നുണ്ട്. 2025 ഡിസംബറോടെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നാണ് അടുത്തിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പുനല്‍കിയത്. എന്നാല്‍ ഇത് എത്രത്തോളം സാധ്യമാണ് എന്ന ചോദ്യം പ്രസക്തമാണ്.

Summary: national highway work in koyilandy