ദേശീയപാത വികസനം: നന്തിയിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബഹുജന കണ്‍വെന്‍ഷന്‍


കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ രാഷ്ട്രീയ-സാമുഹ്യ സംഘടനകള്‍ ബഹുജന കണ്‍വെന്‍ഷന്‍ ചേര്‍ന്നു. നന്തി വൃന്ദ കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗം മൂടാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു.

പ്രണവം റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.വി പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹ്യ-വ്യപാരി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു.

ദേശീയപാത പണി പൂര്‍ത്തിയാവുമ്പോള്‍ പ്രദേശത്തെ ജനങ്ങളുടെ യാത്ര ക്ലേശം വലിയ തോതില്‍ വര്‍ധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇതിന് വ്യക്തമായ ഒരു മറുപടി എന്‍.എച്ച്.എഐ യോ മറ്റു ബന്ധപ്പെട്ട അധികാരികളോ ഇതുവരെയും നല്‍കാന്‍ തയാറായിട്ടില്ല. ഈ വിഷയത്തില്‍ ഒരു തീരുമാനം എത്രയും പെട്ടെന്ന് തന്നെ ഉണ്ടാവണം എന്ന് കണ്‍വെന്‍ഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.

വടകര എം.പി.ഷാഫി പറമ്പില്‍, കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല എന്നിവര്‍ മുഖ്യ രക്ഷാധികാരികളും, മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ രക്ഷാധികാരിയുമായി കമ്മിറ്റി രൂപീകരിച്ചു. ഷീജ പട്ടേരി (ചെയര്‍മാന്‍), സി.വി.പ്രകാശ് ബാബു (കണ്‍വീനര്‍), നൂറുന്നിസ.കെ (ട്രഷറര്‍), എം.കെ.മോഹനന്‍, വിജയരാഘവന്‍ മാസ്റ്റര്‍, കുഞ്ഞമ്മദ് കൂരളി, സന്തോഷ് കുന്നുമ്മല്‍ (വൈസ് ചെയര്‍മാന്‍മാര്‍).

റഫീഖ് പുത്തലത്ത്, സനീര്‍ വില്ലംകണ്ടി, റഫീഖ് ഇയ്യത്തുകുനി, റസല്‍ നന്തി, ഗിരീഷ് കുഞ്ഞുമോന്‍ (ജോ.കണ്‍വീനര്‍മാര്‍), എന്നിവരുള്‍പ്പടെയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. അശോകന്‍ ആയില്യം നന്ദി രേഖപ്പെടുത്തി.