വീട്ടിലെ ഫാന്‍ മുതല്‍ ട്രാഫിക്ക് വരെ നിയന്ത്രിക്കും, രണ്ടര മണിക്കൂറുളള സിനിമ ആറ് സെക്കന്റ് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം; ഇനി വരാന്‍ പോവുന്നത് അതി വേഗത്തിന്റെ നാളുകള്‍, ആരെയും അമ്പരപ്പിക്കുന്ന സേവനങ്ങളുമായി 5ജിയ്ക്ക് ഇന്ത്യയില്‍ തുടക്കം, താമസിയാതെ നമ്മളിലേക്കും


ഡല്‍ഹി: രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരിക്കുകയാണ്. ഇനി നാം കടന്നു പോവാനിരിക്കുന്നത് അതിവേഗത്തിന്റെ നാളുകളിലേക്ക്. 5ജി സേവനങ്ങള്‍ നിലവില്‍ വരുന്നതോടെ പിന്നെ ഇന്റര്‍നെറ്റ് ലോകം ഹൈസ്പീഡിലേക്ക് മാറും അതോടെ സേവനങ്ങളെല്ലാം എളുപ്പത്തില്‍ തന്നെ ലഭ്യമാക്കപ്പെടുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുബൈയ്‌, ചെന്നൈ, കൊല്‍ക്കത്ത എന്നീ മഹാനഗരങ്ങളടക്കം എട്ട് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക. വൈകാതെ ഇന്ത്യയൊട്ടാകെ ഇത് ലഭ്യമാകും.

വേഗവും ശേഷിയും കൂടിയ റേഡിയോ തരംഗമാണ് 5ജിയുടെ പ്രത്യേകത. ശേഷി കൂടുതലായതിനാല്‍ കൂടുതല്‍ ഡാറ്റ വഹിക്കാന്‍ 5ജിയ്ക്ക് സാധിക്കും. ഇതോടെ ഡാറ്റ വേഗം വര്‍ദ്ധിക്കും. ഇതിന്റെ ഗുണം മൊബൈലോ, കംപ്യൂട്ടറോ ഉപയോഗിക്കുന്നവക്കു മാത്രമല്ല ആകെമൊത്തം ജനജീവിതത്തിനും ഇത് പ്രതിഫലിക്കും.

5ജി സേവനങ്ങള്‍ വീട്ടിലെ ഫാനുകള്‍ മുതല്‍ ട്രാഫിക് വരെ നിയന്ത്രിക്കും. ഇത് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം അല്ലെ? എന്നാല്‍ അത് സത്യം തന്നെയാണ്. നമ്മുടെ വീട്ടിലെ ഫാന്‍, ലൈറ്റുകള്‍, ടി.വി, ഓവന്‍, കംപ്യൂട്ടറുകള്‍ എന്നുവേണ്ട റോഡിലെ ട്രാഫിക് ലൈറ്റുകളെ വരെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിച്ചുളള സാങ്കേതിക വിദ്യയാല്‍ നിയന്ത്രിക്കാം. പൊതുവില്‍ പറഞ്ഞാല്‍ നിത്യജീവിതവുമായി നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ വരെ ഇനി 5ജി നിയന്ത്രണത്തിലാകുമെന്ന് ചുരുക്കം.

ഡാറ്റ ഉപയോഗിച്ച് ഒരു സേവനം കംപ്യൂട്ടറിലോ അത്തരം ഉപകരണങ്ങളിലോ ലഭിക്കുന്നതിന് വേണ്ട സമയമാണ് ലാറ്റന്‍സി. എന്തെങ്കിലുമൊരു കാര്യം സെര്‍ച്ച് ചെയ്യുമ്പോള്‍ കഴ്‌സര്‍ കിടന്ന് കറങ്ങുന്നത് ഒരു പതിവു കാഴ്ച്ചയാണ്. 3ജി, 4ജി ഫോണുകളിലും ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകളിലുമുളള ഈ ഇഴച്ചില്‍ പലപ്പോഴും നമ്മുടെ ക്ഷമ കെടുത്തും. എന്നാല്‍ 5ജി വരുമ്പോള്‍ വെറും സെക്കന്റുകള്‍ കൊണ്ട് മാത്രം നാം തേടുന്ന കാര്യം സാധിക്കാനാകും. ഒരു കാര്യം സെര്‍ച്ച് ചെയ്താല്‍ 4ജിയില്‍ 60 മില്ലിസെക്കന്റ് മുതല്‍ 98മില്ലിസെക്കന്റ് വരെയെടുത്തേ ഫലം ലഭിക്കൂ. 5ജിയില്‍ ഇത് 5 മില്ലിസെക്കന്റില്‍ താഴെയാണ്. ചിലപ്പോള്‍ ഒരു മില്ലിസെക്കന്റ് മാത്രമേ ഉണ്ടാകൂ. തൊട്ടാലുടന്‍ ഫലമെന്ന് ചുരുക്കം.

രണ്ട് മണിക്കൂര്‍ 20 സെക്കന്റ് നീളുന്ന ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 4ജിയില്‍ അത് 7 മിനുട്ട് മുതല്‍ 23 മണിക്കൂര്‍ വരെയെടുക്കാം. എന്നാല്‍ 5ജിയില്‍ ഇത് ആറ് സെക്കന്റ് മതി. മിന്നല്‍ വേഗത്തില്‍.

വ്യവസായ പുരോഗതിയിലും 5ജി സേവനം വളരെ സഹായകമാകും. നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരെ ലളിതമായി ലഭിക്കുന്ന തരം വ്യവസായങ്ങള്‍ വളരാനും ഇത് കാരണമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി, ഓട്ടോണമേഷന്‍ എന്നിവയുടെ സഹായത്തില്‍ റോബോട്ടുകളെ ഉപയോഗിച്ച് ഭാരമേറിയതും അപകടകരവുമായ ജോലികള്‍ മനുഷ്യന്‍ ചെയ്യാതെതന്നെ തീര്‍ക്കുവാനും ഭാവിയില്‍ കഴിയും.

മരുന്നുകളുടെ നിര്‍മ്മാണത്തിന് സഹായിക്കാനും, എന്തിനേറെ പറയുന്നു രക്തനഷ്ടം കുറച്ച് ഓപ്പറേഷന്‍ വരെ നടത്താനും റോബോട്ടുകളെ ഉപയോഗിച്ച് അവ സുരക്ഷിതമായും സൂക്ഷ്മമായും ചെയ്യാനും 5ജി സാങ്കേതികവിദ്യ സഹായിക്കും.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയാനും പ്രത്യേകിച്ച് മഴ, വേനല്‍, പ്രകൃതി ദുരന്ത സാദ്ധ്യത പഠിക്കാനും മുന്നറിയിപ്പ് നല്‍കാനും 5ജി സംവിധാനം സഹായിക്കും. മണ്ണില്‍ സോയില്‍ സെന്‍സറുകള്‍ സ്ഥാപിച്ചാല്‍ വിളകള്‍ക്ക് ആവശ്യമായ വളവും വെളളവും അവയുടെ വളര്‍ച്ചയിലെ പ്രശ്നങ്ങളും ഗുണങ്ങളും സാങ്കേതിക വിദ്യയുപയോഗിച്ച് കര്‍ഷകന് അറിയാനാകും. രാജ്യത്തെ ഭക്ഷ്യോല്‍പാദനം മെച്ചപ്പെടുത്തി പട്ടിണി കുറയ്ക്കാനും ഇത്തരം സാങ്കേതികവിദ്യാ ഉപയോഗം സഹായിക്കും.

ഒരു വഴിയില്‍ കുറേ ദൂരം യാത്ര ചെയ്ത് കഴിയുമ്പോളാവും അവിടെ ഒരു ബ്ലോക്ക് ഉള്ളതായി അറിയുന്നത്. പിന്നെ തിരിച്ചുപോവാമെന്നു കരുതിയാലോ പുറകില്‍ വാഹനങ്ങള്‍ അത് മറികടക്കല്‍ അതിലും പ്രയാസം. എന്നാല്‍ 5ജി സേവനങ്ങള്‍ ഇത്തരം പ്രതിസന്ധിക്കും പരിഹാരം നല്‍കുന്നു. കര, ജല, വ്യോമ ഗതാഗതത്തില്‍ ഓരോ പ്രധാന പാതയിലൂടെയും പോകുന്ന വാഹനങ്ങള്‍ അവ വഴിയിലെ ട്രാഫിക് ലൈറ്റുകള്‍, മറ്റുവാഹനങ്ങള്‍ എന്നിവയുമായി തത്സമയം ബന്ധപ്പെടുന്നതിനാല്‍ ഗതാഗതം സുഗമമാകാനും ബുദ്ധിമുട്ടുകള്‍ അറിയിച്ച് അവ പരിഹരിക്കാനും സാധിക്കും.

മൊബൈല്‍, ലാപ്ടോപ്പ്, ഡെക്സ്ടോപ്പ് മുതലായവ ഉപയോഗിച്ച് ഗെയിമിംഗ് വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് കൂടുതല്‍ വ്യക്തവും വേഗവുമേറിയ ഗെയിമിംഗ് ലഭിക്കുന്നതോടെ ഗെയിം വ്യവസായത്തിനും ഉണര്‍വുണ്ടാകും. 2021ല്‍ ഗെയിം വ്യവസായത്തിലെ വരുമാനം 198 ബില്യണ്‍ ഡോളറാണെങ്കില്‍ വരുന്ന അഞ്ച് വര്‍ഷത്തില്‍ ഇത് 340 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കരുതുന്നത്. സാങ്കേതിക വിദ്യ ജീവിതവുമായി അതിവേഗം ബന്ധിപ്പിക്കാനാവുന്നതിന്റെ ഗുണം സര്‍വമേഖലയിലും ഉണ്ടാകുമെന്ന് ചുരുക്കം.

summary: Narendra Modi the prime minister launch 5G services in the country