കണ്ണീരണിഞ്ഞ് നാറാത്ത്; സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് ആദില്‍ യാത്രയായി


ഉള്ള്യേരി: രണ്ടുവര്‍ഷത്തോളമായി ക്യാന്‍സര്‍ രോഗത്തോട് പൊരുതി ഒടുക്കം പുതിയോട്ടില്‍ ആദില്‍ വിടപറഞ്ഞിരിക്കുകയാണ്. നാറാത്തുകാരെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സംബന്ധിച്ച് ഏറെ വേദനയുണ്ടാക്കിയ വിയോഗം.

നാട്ടുകാര്‍ക്ക് ആദിലിനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. നിറഞ്ഞ ചിരിയോടെ ഏവരോടും സംസാരിക്കുന്ന പ്രകൃതം. പത്തുവര്‍ഷം മുമ്പ് കൊയിലാണ്ടിയില്‍ നടന്ന ബൈക്കപകടത്തില്‍ മരണമടഞ്ഞതാണ് ആദിലിന്റെ ഉപ്പ ഇഫ്‌ളു റഹ്‌മാന്‍. പിന്നീട് കുടുംബത്തിന്റെ പ്രതീക്ഷ ആദിലിലായിരുന്നു.

ഏതാണ്ട് രണ്ടുവര്‍ഷം മുമ്പാണ് ആദിലിന് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. മജ്ജ മാറ്റിവെക്കലടക്കമുള്ള ചികിത്സകള്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. നാലുദിവസം മുമ്പാണ് രോഗം മൂര്‍ച്ഛിച്ചത്. ഉടനെ മെഡിക്കല്‍ കോളജിലും പിന്നീട് മിംസ് ആശുപത്രിയിലും ചികിത്സിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം മുണ്ടോത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഉമ്മ: ചേലിയ എടച്ചേരി ഹസീന. അഫീഫ സഹോദരിയാണ്.