‘ജനാധിപത്യ ജര്‍മനീ, ഓര്‍മയുണ്ടോ ഈ മുഖം’; ലോകകപ്പ് ഗാലറിയില്‍ ഓസിലിന്റെ ചിത്രം ഉയര്‍ത്തി മൂടാടി സ്വദേശികള്‍, പിടിച്ചുവാങ്ങി കീറിയെറിഞ്ഞ് ജര്‍മന്‍ ആരാധകര്‍, വാക്കേറ്റം – വീഡിയോ കാണാം
കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് വേദി കളിക്കൊപ്പം പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ പ്രകടനത്തിന്റെയും വേദിയായിരുന്നു തുടക്കം മുതല്‍ തന്നെ. ജര്‍മനി, ഇറാന്‍ ഉള്‍പ്പടെയുള്ള ടീമുകള്‍ വരെ തങ്ങളുടെ രാഷ്ട്രീയം ഖത്തര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടണ്ട്. ഗാലറിയിലും വ്യക്തികളും കൂട്ടായ്മകളും പ്ലക്കാഡുകള്‍ ഉയര്‍ത്തിയും ചിത്രങ്ങള്‍ പൊക്കിയും പ്രതിഷേധങ്ങളും രാഷ്ട്രീയപ്രകടനങ്ങള്‍ നടത്തുന്നതും കാണാറുണ്ട്.
ഇപ്പോഴിതാ, ഖത്തര്‍ ലോകകപ്പ് വേദിയില്‍ മെസ്യൂട്ട് ഓസിലിന്റെ ചിത്രം ഉയര്‍ത്തുന്ന മൂടാടി സ്വദേശികളുടെ വീഡിയോ വാട്‌സ്ആപ്പില്‍ വൈറലായിരിക്കുകയാണ്. ഓസിലിന്റെ ചിത്രം ഉയര്‍ത്തിയ മൂടാടി നന്തിബസാറിലെ യുവാക്കളുമായി ജര്‍മാന്‍ ആരാധകര്‍ വാക്കേറ്റം നടത്തുന്ന വീഡിയോ ആണ് വാട്‌സ്ആപ്പിലും സാമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്.
ഡിസംബര്‍ രണ്ടിന് നടന്ന ജര്‍മനി കോസ്റ്ററിക്ക മത്സരത്തിനിടെയുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. നടന്ന സംഭവത്തെക്കുറിച്ച് ഫോട്ടോ ഉയര്‍ത്തി പ്രതിഷേധിച്ചവരിലൊരാളായ മഷൂദ് നന്തി കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു.
‘വീഡിയോ അപ്രതീക്ഷിതമായിട്ടാണ് വൈറലായത്. ജര്‍മനിയോടുള്ള പ്രതിഷേധം അറിയിക്കണം എന്നായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചത്. ഓസിലിനോട് ഒരു ജനാധിപത്യം മര്യാദയുമില്ലാതെയാണ് ജര്‍മനി പെരുമാറിയത്. ജര്‍മനി ആദ്യം മുതലേ ഖത്തറിലെ മനുഷ്യാവകാശത്തെക്കുറുച്ചും എല്‍.ജി.ബി.ടി. അവകാശങ്ങളെക്കുറിച്ചും പ്രതിഷേധിക്കുന്നു. അതില്‍ കുഴപ്പമില്ല, എന്നാല്‍ ജര്‍മനിയും മറ്റു വെസ്റ്റേണ്‍ രാജ്യങ്ങളും ഇത് ഖത്തറിനോട് മാത്രമേ കാണിക്കുന്നുള്ളൂ എന്നതാണ് വിഷയം. അത് അവരുടെ വൈറ്റ് സുപ്രിമസിയില്‍ നിന്ന് വരുന്നതാണ്. ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന ജര്‍മനി ഓസിലിനോട് കാണിച്ചത് എന്താണെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശം.’ – മഷൂദ് പറയുന്നു.
നന്തി ബസാര്‍ സ്വദേശികളായ അബ്ദുറഹ്‌മാന്‍, മഷൂദ്, ഷാന്‍ദാര്‍ തുടങ്ങി ആറുപേരാണ് പ്രതിഷേധവുമായി ഗാലറിയിലെത്തിയത്. ജര്‍മന്‍ ഗോള്‍പോസ്റ്റിന് നേരെ പിറകിലുള്ള ഇരിപ്പിടമാണ് കളികാണാന്‍ കിട്ടിയത്. അവടെ ജര്‍മന്‍ ആരാധകരുടെ ഒരു കേന്ദ്രമായതുകൊണ്ടുതന്നെ തിരിച്ചും പ്രതിഷേധം പ്രതീക്ഷിച്ചാണ് സംഘം ഓസിലിന്റെ ഫോട്ടോ ഉയര്‍ത്തിയത്.
ഫോട്ടോ കണ്ടതോടെ ജര്‍മന്‍ ആരാധര്‍ പ്രകോപിതരായി. അവര്‍ അസഭ്യം പറയുകയും കയ്യേറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. തങ്ങളുടെ കയ്യില്‍ നിന്ന് പോസ്റ്ററുകള്‍ ബലമായി പിടിച്ചുവാങ്ങി കീറി എറിയുകയും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തെന്ന് മഷൂദ് കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് ജര്‍മനി പുറത്തായതിന് പിന്നാലെ ഉയര്‍ന്ന വംശീയാധിക്ഷേപങ്ങളെ തുടര്‍ന്നായിരുന്നു അസിസ്റ്റുകളുടെ രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്ന മെസ്യൂട്ട് ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കല്‍. തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരില്‍ തുടങ്ങിയ വംശീയാധിക്ഷേപമാണ് വിരമിക്കലില്‍ അവസാനിച്ചത്. എര്‍ദോഗനൊപ്പം ഓസില്‍ ചിത്രമെടുത്തതിനെതിരെ ജര്‍മനിയില്‍ ജനരോഷം ശക്തമായിരുന്നു. ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ജര്‍മനിയില്‍ ഉയര്‍ന്നു. കൂടാതെ ഓസിലിനെ ജര്‍മന്‍ കാണികള്‍ കൂകിവിളിച്ചിരുന്നു.ടീം ജയിക്കുമ്പോള്‍ ഞാനൊരു ജര്‍മന്‍കാരനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനുമായി ചിത്രീകരിക്കപ്പെടുന്നതായി ഓസില്‍ ആഞ്ഞടിച്ചിരുന്നു. ഓസിലിന്റെ ചിത്രം ഖത്തര്‍ ലോകകപ്പ് ഗാലറയില്‍ മുമ്പും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.
യു.എ.ഇയിലാണ് മഷൂദ് ജോലി ചെയ്യുന്നത്. ഇഷ്ട ടീം അര്‍ജന്റീന ആണെങ്കിലും കിട്ടിയ ടിക്കറ്റ് ജര്‍മനിയുടെ കളിയുടേതാണ്. അര്‍ജന്റീനയുടെ അടുത്ത കളി കാണാനാവുമെന്ന പ്രതീക്ഷയിലാണ് മഷൂദും കൂട്ടുകാരും.