‘ഭക്ഷണത്തിനും മരുന്നിനും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ’, ഭിന്നശേഷിക്കാരുടെ വഴി തടസ്സപ്പെടുത്തി ബൈപ്പാസ് നിര്‍മ്മാണം; നന്തി ആശാനികേതനിലെ അന്തേവാസികള്‍ സമരത്തില്‍


കൊയിലാണ്ടി: ദേശിയപാത വികസനത്തിന്റെ ഭാ​ഗമായി നന്തി ചെങ്ങോട്ടുകാവ് ബെെപാസ് നിർമ്മിക്കുന്നത് ആശാനികേതനിലേക്കുള്ള വഴി തടസപ്പെടുത്തിയെന്ന് ആരോപണം. ഇതേ തുടർന്ന് നന്തി ആശാനികേതനിലുള്ള അന്തേവാസികളും ഭാരവാഹികളും പ്രതിഷേധസമരം നടത്തി. റോഡോ മേൽപ്പാലമോ ഇല്ലെങ്കിൽ ആശാനികേതനിലേക്ക് എത്താൻ കഴിയില്ലെന്ന് ആരോപിച്ചാണ് സമരം.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നന്തിയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആശാനികേതൻ. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനമാണ് ഇത്. അനാഥരും പാവപ്പെട്ടവരുമായിട്ടുള്ള 75 ഭിന്നശേഷിക്കാരാണ് ഇവിടെ താമസിക്കുന്നത്. ആശാനികേതന്റെ ഭാഗത്ത് സര്‍വീസ് റോഡോ, മേല്‍പ്പാലമോ ഇല്ല. റോഡ് മുറിച്ചുകടന്നു ആശാനികേതനിലേക്ക് പോകാനും കഴിയില്ല. ചിലര്‍ ദിവസവും ഇവിടെ വന്നുപോകുന്നുമുണ്ട്. ദിവസവും വീട്ടില്‍പ്പോയി തിരിച്ചുവരുന്നവര്‍ക്കാണ് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നത്.

ഇവിടെ താമസിക്കുന്നവര്‍ക്ക് ആജീവനാന്ത സംരക്ഷണമാണ് ആശാ നികേതന്‍ ഒരുക്കുന്നത്. പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം എന്നിവയ്ക്ക് പുറമെ തെറാപിസ്റ്റ് അധിഷ്ഠിതമായ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ഇവിടെ നല്‍കി വരുന്നുണ്ട്.

മരുന്നിനോ ഭക്ഷണത്തിനോ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും അന്തേ വാസികളേയും ജീവനക്കാരേയും ഒറ്റപ്പെടുത്തുന്ന നടപടികള്‍ തുടരുകയാണെങ്കില്‍ മറ്റ് സമരമാര്‍ഗങ്ങള്‍ തുടങ്ങുമെന്നും പ്രതിഷേധക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു.

അഡ്വ. ടി.കെ.ജി. നമ്പ്യാര്‍, ആശാനികേതന്‍ ചെയര്‍മാന്‍ ഒ.കെ. പ്രേമാനന്ദ്, ചന്ദ്രന്‍ മൂടാടി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.