യൂണിഫോമിനൊപ്പം ഇനി മുതല്‍ നെയിം ബോര്‍ഡും നിര്‍ബന്ധം; സ്വകാര്യ ബസുകളില്‍ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് യൂനിഫോമിനൊപ്പം പേര് വിവരങ്ങൾ ഉൾക്കൊള്ളുന്ന നെയിം ബോർഡ് കർശനമാക്കുന്നു.ഡ്രൈവർമാരും കണ്ടക്ടർമാരും നിർദേശിച്ച മാനദണ്ഡപ്രകാരം യൂനിഫോം ധരിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനക്കും മോട്ടോർ വാഹനവകുപ്പ് തയാറെടുക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളും പരിശോധന പരിധിയിലുണ്ട്.
കാക്കി ഷർട്ടിൽ ഇടത് പോക്കറ്റിന്റെ മുകളിൽ നെയിം ബോർഡുകൾ കുത്തണമെന്നാണ് വ്യവസ്ഥ. പേര്, ബാഡ്ജ് നമ്പർ എന്നിവ ഇതിൽ ഉണ്ടാവണം. കറുത്ത അക്ഷരത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ പേരെഴുതണം. ജീവനക്കാർക്ക് ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ ഗതാഗത കമീഷണർക്ക് നിർദേശം നൽകി. നേരത്തെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും അധികംപേരും ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
2011 മാർച്ചിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബസിലെ യാത്രക്കാർക്ക് മോശം അനുഭവമുണ്ടാകുന്ന സാഹചര്യങ്ങളിൽ ജീവനക്കാർക്കെതിരെ പരാതിപ്പെടാൻ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് ഉത്തരവിറക്കിയിരുന്നത്.പല സ്വകാര്യ ബസുകളിലും പല ദിവസങ്ങളിലും പല ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതിനാൽ മോശം പെരുമാറ്റം നടത്തുന്ന ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാനാകില്ല. സമീപകാലത്ത് വിദ്യാർഥികൾക്കടക്കം ജീവനക്കാരിൽനിന്ന് മോശം അനുഭവങ്ങളുണ്ടാകുന്നെന്ന പരാതി ഉയർന്നിരുന്നു.
നെയിം ബോർഡ് ധരിക്കാത്ത കണ്ടക്ടർമാർക്ക് 1000 രൂപ പിഴ ഈടാക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. വീണ്ടും നിയമം ലംഘിച്ചാൽ കണ്ടക്ടറുടെ ലൈസൻസ് തന്നെ റദ്ദാക്കാനും നിയമത്തിൽ വകുപ്പുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പേര് വിവരങ്ങൾ ഉൾപ്പെടുന്ന ഐ.ഡി കാർഡ് നിർബന്ധമാണ്.
Description: Name board is now mandatory along with uniform