നാവിൽ കൊതിയൂറും വിഭവങ്ങൾ, ഒപ്പം മറ്റനേകം ഉത്പന്നങ്ങളും; ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കൊയിലാണ്ടിയിൽ നാഗരികം ഓണം ഫെസ്റ്റ്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ നാഗരികം ഓണം ഫെസ്റ്റ് – 23 മായി നഗരസഭ. ടൗണ്‍ഹാളില്‍ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിലേക്ക് ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്നത്. ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിർവഹിച്ചു.
ഓഗസ്റ്റ് 19 മുതൽ 27 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ ഇനമാണ്. നെയ്യപ്പം, ഉണ്ണിയപ്പം, അച്ചാറുകള്‍ തുടങ്ങിയ ഭക്ഷ്യോല്പന്നങ്ങള്‍, ഓണസദ്യയൊരുക്കാനുള്ള കലങ്ങളും പാത്രങ്ങളും, മുളയുല്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി 32 സ്റ്റാളുകളിലായി ഒട്ടുമിക്ക സാധനങ്ങളുമുണ്ട് മേളയില്‍. കുടുംബശ്രീ സംരംഭങ്ങളിലൂടെയും മറ്റും നിര്‍മ്മിക്കുന്ന നാടന്‍ ഉല്പന്നങ്ങളാണ് മേളയുടെ പ്രധാന ആകർഷണം.
കുടുംബശ്രീ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വില്പനയ്ക്ക് പുറമേ സര്‍ക്കാര്‍ സഹകരണ സംഘങ്ങളുടെയും കമ്പനികളുടെയും പങ്കാളിത്തമുണ്ട്. വിവിധ ദിവസങ്ങളായി കലാസാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. വൈകുന്നേരം 5 മണി മുതലാണ് കലാസാംസ്‌കാരിക സദസുകള്‍ നടക്കുക.
ടൗൺ ഹാളിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. അഭിനേത്രി കലാഭവൻ സരിഗമുഖ്യാതിഥിയായിരുന്നു. ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, ഇ.കെ.അജിത്, കെ.എ. ഇന്ദിര, ആസൂത്രണ ഉപാധ്യക്ഷൻ എ സുധാകരൻ, പി.വിശ്വൻ, മെമ്പർ സെക്രട്ടറി രമിത, സി.ഡി.എസ് അധ്യക്ഷ കെ.കെ.വിബിന എന്നിവർ സംസാരിച്ചു. തുടർന്ന് അഥീന, മയ്യിൽ, കണ്ണൂർ കലാകാരന്മാർ അവതരിപ്പിച്ച നാടൻ പാട്ടുകൾ അരങ്ങേറി.
Summary: nagarikam onam fest at Koyilandy