ഉത്സവം ആഘോഷിക്കാന്‍ നാട്ടിലെത്താനിരിക്കെ അപ്രതീക്ഷിത മരണം; ബെംഗളൂരുവില്‍ അപകടത്തില്‍ മരിച്ച നടുവണ്ണൂര്‍ സ്വദേശി സി.ഐ.എസ്.എഫ് ജവാന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ നാട്, സംസ്‌കാരം ഇന്ന് രാത്രി


നടുവണ്ണൂര്‍: വര്‍ഷം തോറും മുടങ്ങാതെ ഉത്സവത്തിനായി ലീവെടുത്ത് നാട്ടിലെത്തും ഇത്തവണയും പതിവ് തെറ്റിക്കാതെ നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ പുഴക്കല്‍ ആനന്ദ്(34) ന്റെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാരും സുഹൃത്തുക്കളും. വീടിനോടു ചേര്‍ന്ന ശ്രീ കണ്ണമ്പാലതെരു മഹാഗണപതി ക്ഷേത്രത്തില്‍ നാളെ ആരംഭിക്കുന്ന ഉത്സവത്തിനായി 15 ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് വരാനിരിക്കെ ഇന്നലെ ബെംഗളൂരുവില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ആനന്ദ് മരണമടഞ്ഞത്.

നാട്ടിലേക്ക് വരുന്നതിനായി സി.പി.സി കാന്റീല്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ച് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മോട്ടോര്‍ സൈക്കളില്‍ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപമുള്ള സ്ഥലത്താണ് അപകടത്തില്‍പ്പെട്ടത്.

അപകടം കണ്ട നാട്ടുകാര്‍ ട്രാഫിക് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സി.ഐ.എസ്.എഫിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഹെല്‍മറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു.

എട്ടുവര്‍ഷത്തോളമായി സി.ഐ.എസ്.എഫില്‍ ജോലി ചെയ്തു വരികയായിരുന്നു ആനന്ദ്. അച്ഛന്‍: പരേതനായ ഗംഗാധരന്‍. അമ്മ: മാലതി. ഭാര്യ: അമൃത. അഞ്ച് വയസുകാരന്‍ ഗ്യാന്‍ ദേവ് മകനാണ്. സഹോദരന്‍: അരവിന്ദ്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് രാത്രിയോടെ മൃതദേഹം വീട്ടിലെത്തിക്കും. സമീപത്തെ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ഇന്ന് രാത്രിയോടെ തന്നെ സംസ്‌കരിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.