‘വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്നു’; ഡിസിസി പ്രസിഡന്റിന് കത്ത് കെെമാറി നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്


നാദാപുരം: വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് കോൺ​ഗ്രസ് ജില്ലാ നേതൃത്വത്തിന് കെെമാറി നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാറിനാണ് രാജിവെക്കുന്നതായി ഉള്ള കത്ത് കൈമാറിയത്. തനിക്ക് നേരെ വന്നത് വ്യാജ ആരോപണമാണ്. എന്നാൽ ധാർമികതയുടെ പേരിൽ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്നാണ് അഖില മര്യാട്ട് കെ പ്രവീൺ കുമാറിനെ അറിയിച്ചത്.

വിഷയം പാർട്ടി തലത്തിൽ അന്വേഷിക്കണമെന്നും എന്റെ നിരപരാധിത്വം പൊതു സമൂഹത്തെ ബോധ്യമാക്കണമെന്നും അഖില കത്തിൽ ആവശ്യപ്പെട്ടു. ചിലർ തന്നെ വേട്ടയാടപ്പെടുകയാണ്, പ്രസ്തുത സംഭവത്തെക്കുറിച്ച് പാർട്ടി തല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.

.ആരോപണം ഉയർന്നുവന്ന അവസരത്തിൽ തന്നെ നിജസ്ഥിതി പുറത്തുകൊണ്ടു വരുന്നതിനു വേണ്ടി താൻ വടകര റൂറൽ എസ് പിക്ക് പരാതി കൊടുത്തിരുന്നു. പോലീസ് ഇതുവരെയും യാതൊരുവിധ നടപടികളും എടുത്തില്ല. പ്രസ്തുത പരാതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. തന്നെ വേട്ടയാടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ പാർട്ടിയുടെ കൂടെ നിന്ന് പോരാടുമെന്നും അഖില ജില്ലാ നേതൃത്വത്തെ അറിയിച്ചു . ഔദ്യോഗികമായി രാജി വെച്ചു കൊണ്ടുള്ള കത്ത് അടുത്തദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.