“പന്തികേട് തോന്നി വാഹനം നിർത്തുമ്പോഴേക്കും, കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണ്‌ കണ്ടത്; നാദാപുരം ആക്രമണത്തിന് ദൃക്സാക്ഷികളായ നാല് പേർ പറയുന്നത് ഇങ്ങനെ


നാദാപുരം: “പന്തികേട് തോന്നി വാഹനം നിർത്തുമ്പോഴേക്കും, കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണ്‌ കണ്ടത്; പിന്നീടൊന്നും നോക്കിയില്ല ചാടിയിറങ്ങി അവനെ കീഴ്പ്പെടുത്താൻ നോക്കുകയായിരുന്നു”. പ്രണയ നൈരാശ്യത്തിന്റെ പേരിൽ നാദാപുരത്ത് യുവതിയെ യുവാവ് ആക്രമിച്ച സംഭവത്തിൽ യുവാവിനെ കീഴ്പ്പെടുത്തി യുവതിയെ രക്ഷിച്ച നാൽവർ സംഘം പറയുന്നു.

നാദാപുരം ഭാഗത്തേക്കു കാറില്‍ പോവുകയായിരുന്ന നാലംഗ സംഘമാണ് വിജനമായ റോഡില്‍ ആക്രമണം കണ്ടത്. മൊയിലുകണ്ടി ഇല്ല്യാസ്, ചാമാളി ഹാരിസ്, തീക്കുന്നുമ്മല്‍ ആഷിഖ്, മുക്രിക്കണ്ടി ഷമീം എന്നിവരാണ് അപ്രതീക്ഷിതമായി രക്ഷകരായി അവിടേക്കു എത്തുന്നത്.

പുറത്തെവിടെയെങ്കിലും ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിക്കാം എന്ന ലക്ഷ്യത്തോടെ ഇവർ പാറക്കടവില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടോടെയാണു കാറില്‍ യാത്ര തിരിച്ചത്. എന്നാൽ വഴി മദ്ധ്യേ കല്ലാച്ചി തട്ടയത്ത് എം.എല്‍.പി സ്‌കൂള്‍ പരിസരമെടുത്തപ്പോൾ യുവതിയും യുവാവും തമ്മിലുള്ള മല്‍പിടിത്തം കാണാനിടയാവുകയായിരുന്നു. ആദ്യം ഒന്ന് അമാന്തിച്ചെങ്കിലും പന്തികേട് തോന്നിയതിനെ തുടർന്ന് കാര്‍ നിര്‍ത്തി എല്ലാവരും പുറത്തിറങ്ങി. എന്നാൽ ഞൊടിയിടയിൽ സംഭവങ്ങളെല്ലാം മാറി മറിയുകയായിരുന്നു.

വാഹനത്തിൽ നിന്നിറങ്ങിയ ഇവർ കാണുന്നത് കൊടുവാള്‍ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണ്‌. പിന്നീട് മറ്റൊന്നും ആലോചിക്കാതെ ഇവർ ഓടിയെത്തി അക്രമിയെ മല്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി. എന്നാൽ അപ്പോഴേക്കും പെണ്‍കുട്ടിക്കു സാരമായി വെട്ടേറ്റിരുന്നു. ഉടനെ തന്നെ ഇതിലെ രണ്ടു പേർ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

ഇതേ സമയം കൊടുവാളുമായി നിന്നിരുന്ന യുവാവ് ‘ഞാന്‍ മരിക്കുകയാണ്’ എന്ന് ആക്രോശിച്ചു കൊണ്ട് കൈത്തണ്ടയിലെ ഞരമ്പിൽ മുറിവേല്‍പിച്ചിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേർ അക്രമിയായ യുവാവിനെയും കൂട്ടി മറ്റൊരു കാറില്‍ ആശുപത്രിയിലേക്കു പുറപ്പെടുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായി തുടരുന്നു. പരുക്കുകൾക്കൊപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതിനാൽ ഇന്ന് രാവിലെ അടിയന്തരമായി ശസ്ത്രക്രിയ നടത്തി.

റോഡിലെ അക്രമം കണ്ട് ഈ നാൽവർ സംഘം കാര്‍ നിര്‍ത്താതെ പോയിരുന്നെങ്കില്‍ യുവതിയുടെയും യുവാവിന്റെയും അവസ്ഥ എന്താകുമെന്ന് യാതൊരു ധാരണയുമില്ല. സമയോചിതമായി ഇടപെടലിലൂടെ പെൺകുട്ടിയെ അധുഅപ്ത്രിയിലെത്തിച്ചത് കൊണ്ടാണ് ജീവൻ നിലനിർത്താനായത്.

കൊടുവാളും കുപ്പിയില്‍ പെട്രോളുമായി ബൈക്കില്‍ മൊകേരി സ്വദേശി റഫ്നാസ് എത്തിയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ടാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. റഫ്നാസിന് എതിരെ വധശ്രമത്തിനു കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. ഉടനെ തന്നെ തെളിവെടുപ്പ് ആരംഭിക്കുമെന്നാണ് സൂചന.