അവതരണംകൊണ്ടും പ്രമേയംകൊണ്ടും വ്യത്യസ്തമായ നാടകങ്ങള്‍; കുരുടിമുക്കിലെ നാടകരാവ് ശ്രദ്ധേയമാകുന്നു


അരിക്കുളം: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥം കുരുടിമുക്കില്‍ ഡിസംബര്‍ 26ന് തുടങ്ങിയ നാടകരാവ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. നിറഞ്ഞ സദസ്സിലാണ് ഓരോ ദിവസത്തെയും നാടകം അവതരിപ്പിക്കപ്പെട്ടത്. ഒരോദിവസത്തെയും നാടകം പ്രമേയത്തിലെ വ്യത്യസ്തതകളാല്‍ വേറിട്ടുനില്‍ക്കുന്നു.

എല്ലാ ദിവസവും നാടക ചര്‍ച്ചയും നാടക രാവിന്റെ ഭാഗമായി ചെയ്തു വരുന്നു. നാടക ചര്‍ച്ചകളില്‍ എ.എം സുഗതന്‍, ഒ.കെ.ബാബു ശേഖരന്‍, അനില്‍ കോളിയോട്ട്, പ്രദീപന്‍, നൗറ അമന്‍ എന്നിവര്‍ പങ്കെടുത്തു.

കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സാന്ത്വന പരിചരണ മേഖലയില്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ്. ഒട്ടേറെ കിടപ്പുരോഗികള്‍ക്ക് താങ്ങും തണലുമാകാന്‍ സാധിച്ചിട്ടുണ്ട്. സ്വന്തമായി സ്ഥലവും ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിടവും സജ്ജമാക്കാനാണ് നാടകരാവിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

ഞായറാഴ്ച ‘അപ്പ’ നാടകം അരങ്ങേറി. ഡിസംബര്‍ 30ന് ഉത്തമന്റെ സങ്കീര്‍ത്തനം, 31ന് കോഴിക്കോട് അനില്‍ദാസ് നയിക്കുന്ന ഗസല്‍ നിലാ, സമാപന സമ്മേളനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Summary: nadakarav in arikkulam kurudimuk