”കൊടുങ്ങല്ലൂരില്‍ നിന്നുമെത്തി കൊയിലാണ്ടിയില്‍ കത്തിജ്വലിച്ച് പൊലിഞ്ഞുപോയ നക്ഷത്രം” ഇരുപത്തിയാറാം ചരമവാര്‍ഷികത്തില്‍ അഡ്വ.ആര്‍.യു.ജയശങ്കറിനെക്കുറിച്ച് എന്‍.നിതേഷ് എഴുതുന്നു


എന്‍.നിതേഷ്‌

മെ
യ് മാസം നഷ്ടങ്ങളുടെയും വേര്‍പാടുകളുടെയും മാസമാണെന്ന് പൊതുവെ വിലയിരുത്താറുണ്ട്. അങ്ങനെയെങ്കിൽ മെയ് മാസത്തിലെ അപരിഹാര്യമായ നഷ്ടമാണ് സഖാവ് ‘ജയശങ്കര്‍’. കൊടുങ്ങല്ലൂരില്‍ നിന്നുമെത്തി കൊയിലാണ്ടിയില്‍ കത്തിജ്വലിച്ച് പൊലിഞ്ഞുപോയ നക്ഷത്രമെന്ന് ജയശങ്കറിനെ ഒറ്റവാക്കില്‍ സംഗ്രഹിക്കാം. തൃശൂര്‍ സ്ലാങ്ങില്‍ ‘സഖാവെ’ എന്ന് നീട്ടി വിളിച്ച് വിടര്‍ന്ന കണ്ണുകളുമായി കറുത്ത വെസ്പ സ്‌കൂട്ടറില്‍ ജയശങ്കര്‍ കടന്നുപോകുന്നത് കണ്‍മുന്നില്‍ ഇപ്പോഴും മായാത്ത നില്‍ക്കുന്നു.

എസ്.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയായും ഡി.വൈ.എഫ്.ഐയുടെ കൊയിലാണ്ടി ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗമായും സി.പി.എം കൊയിലാണ്ടി ലോക്കല്‍ കമ്മിറ്റി അംഗമായുമെല്ലാം വിവിധ സംഘടനാ ചുമതലകള്‍ ജയശങ്കര്‍ നിറവേറ്റി. ഡി.വൈ.എഫ്.ഐയുടെ വിയ്യൂര്‍ വില്ലേജ് കമ്മിറ്റി ഭാരവാഹികളായും ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധികള്‍ നേരിട്ട അക്കാലത്ത് ഞങ്ങളുടെയെല്ലാം ഊര്‍ജ്ജവും നേതൃത്വവുമായിരുന്നു ശങ്കര്‍.

മാനാട്ടിൽ തറവാട്ട് മുറ്റത്ത് വിരിയുന്ന സുഗന്ധി പൂവിന്റെ ഒരിതള്‍ എപ്പോഴും പോക്കറ്റില്‍ സൂക്ഷിക്കുമായിരുന്നു ജയശങ്കര്‍. സഖാവിനെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ആ സുഗന്ധം ചുറ്റിലും അനുഭവിക്കുന്നു. ആ സുഗന്ധി പൂവിന്റെ നറുമണംപോലെ സുഗന്ധം നിറക്കുന്നതായിരുന്നു ശങ്കറിന്റെ പെരുമാറ്റവും ഇടപെടലുകളും.

നല്ല പ്രാക്ടീസുള്ള ഒരു അഡ്വക്കറ്റ് ആവുക എന്നതായിരുന്നു ശങ്കറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അതിനായി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിരുന്നു. സ്വന്തമായി ഒരു വക്കീലാഫീസ് കൊയിലാണ്ടിയിൽ ഒരുക്കുന്നതിനിടെയാണ് ശങ്കര്‍ നമ്മെ വിട്ടുപിരിഞ്ഞത്. വക്കീലാഫീസ് ഒരുക്കുന്നതിന്റെ തിരക്കിനിടയില്‍ ഒരു ദിവസം തന്റെ കേസ് ഫയലുകളുടെ ശേഖരം എനിക്ക് മുമ്പില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചത് ഞാൻ ഓര്‍ക്കുന്നു. ഒരു സീനിയര്‍ അഭിഭാഷകന് കിട്ടുന്നത്രയും കേസ് ഫയലുകള്‍ അന്ന് ശങ്കറിനുണ്ടായിരുന്നു. പ്രാക്ടീസ് തുടങ്ങി ഏതാനും നാളുകള്‍ക്കകം തന്നെ കൊയിലാണ്ടിയിലെ ജനങ്ങള്‍ തങ്ങളുടെ കേസുകൾ പലതും ആ യുവ അഭിഭാഷകനെ വിശ്വസിപ്പിച്ചേല്‍പ്പിച്ച് കഴിഞ്ഞിരുന്നു.

സമരമുഖങ്ങളില്‍ ജയശങ്കര്‍ എന്നും ഒരു തീപന്തമായിരുന്നു. 1994 നവംബർ 25 ലെ കൂത്തുപറമ്പ് വെടിവെപ്പിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ സംഘര്‍ഷമുണ്ടാവുകയും കൊയിലാണ്ടിയില്‍ പൊലീസ് വെടിവെക്കുകയും യുവജന നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്യുകയും ചെയ്തപ്പോള്‍ പിറ്റേദിവസം കൊയിലാണ്ടി കണ്ടത് ജയങ്കറും പൊലീസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു.

ധീരനായിരുന്നു ജയശങ്കര്‍,

എസ്.എഫ്.ഐ കാലത്ത് ശങ്കര്‍ ലീഡറായിരുന്ന വിദ്യാര്‍ഥി ജാഥക്ക് നേരെ താമരശ്ശേരിവെച്ച് ഉണ്ടായ മുസ്‌ലിം ലീഗ് ആക്രമണത്തില്‍ സഖാവ് ജോബി ആന്‍ഡ്രൂസ് കൊല്ലപ്പെട്ടപ്പോള്‍ ജോബിയുടെ മൃതദേഹത്തിനരികെ മാത്രമാണ് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ശങ്കറിനെ കാണേണ്ടിവന്നത്. മറ്റൊരിക്കലും ശങ്കര്‍ ഇത്രമേല്‍ പതറിപ്പോയത് എനിക്ക് കാണേണ്ടിവന്നിട്ടില്ല.

ശങ്കര്‍ നമ്മോട് വിടപറയുന്ന 1998 മെയ് 24ന് വൈകുന്നേരം എം.എ ബേബിയുടെ നേതൃത്വത്തില്‍ സി.പി.എമ്മിന്റെ ഒരു ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണമൊരുക്കുന്നതിന്റെ തിരക്കിലായിരുന്നു. അതിന്റെ തൊട്ടുമുമ്പെയുള്ള ദിവസങ്ങളില്‍ നല്ല പനിയുണ്ടായിരുന്നതിനാല്‍ ഞാന്‍ കൊയിലാണ്ടിയിലേക്ക് വന്നിരുന്നില്ല. എങ്കിലും ജാഥാ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ അന്ന് വൈകിയിട്ട് ഞാൻ കൊയിലാണ്ടി മൈതാനത്ത് എത്തി. അവിടെനിന്ന് മറ്റു സഖാക്കളോടൊപ്പം ശങ്കറിനെയും കണ്ടു സംസാരിച്ചിരുന്നു. വീട്ടില്‍ ചേച്ചി വന്നിട്ടുണ്ട് അതിനാല്‍ നേരത്തെ തിരിച്ചുപോകണം എന്നു പറഞ്ഞാണ് ശങ്കര്‍ പരിപാടി കഴിയുന്നതിന് മുമ്പേ പോകാന്‍ ഒരുങ്ങിയത്. പനിയല്ലേ അധികം നില്‍ക്കേണ്ട എന്ന് എന്നെ ഉപദേശിച്ച് കൈവീശി യാത്ര പറഞ്ഞതാണ് എന്റെ അവസാനത്തെ ഓര്‍മ.

ഞാന്‍ വീട്ടില്‍ എത്തുമ്പോഴേക്കും ശങ്കറിന് അപകടം പറ്റി എന്ന വിവരം കിട്ടി. ഉടന്‍ കൊയിലാണ്ടി ആശുപത്രിയില്‍ എത്തുമ്പോഴേക്കും ശങ്കര്‍ യാത്ര പറഞ്ഞിരുന്നു. കൊയിലാണ്ടി ആശുപത്രിയുടെ മോര്‍ച്ചറി ടേബിളില്‍ കിടത്തിയിരിക്കുന്ന പ്രിയ സഖാവിന്റെ ചിതറി തെറിച്ച മുഖം കാണുവാന്‍ കഴിയാത്തതിനാല്‍ അതിന് ശ്രമിച്ചില്ല. അവസാനമായി ചിരിച്ച് യാത്ര പറഞ്ഞ മുഖം മാത്രം ഓര്‍മ്മയില്‍ മതി എന്നു തീരുമാനിച്ചു.

ഏറ്റവും ഉജ്വലമായ യാത്രയയപ്പായിരുന്നു പിറ്റേന്ന് കൊയിലാണ്ടി ദര്‍ശിച്ചത്. അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ശങ്കര്‍ കൊയിലാണ്ടിക്കാര്‍ക്ക്.

ശങ്കറിന്റെ ഓര്‍മ്മക്കായി അന്നത്തെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജയശങ്കര്‍ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എം.എ ബേബി തന്നെ ആനക്കുളങ്ങരയില്‍വെച്ച് അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. പഠന മികവ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാവര്‍ഷവും എന്‍ഡോവ്മെന്റ് തുക നല്‍കാന്‍ കഴിയുന്ന രൂപത്തില്‍ ഒരു സംഖ്യ ബാങ്കില്‍ നിക്ഷേപിക്കുകയുണ്ടായി. അന്ന് ആ പരിപാടിയുടെ കണ്‍വീനറായി എനിക്ക് പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി എന്‍ഡോവ്മെന്റ് വിതരണം നടത്തുന്നുണ്ട് എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ശങ്കറിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇനിയുമേറെ പങ്കുവെക്കാനുണ്ടെങ്കിലും ഇപ്പോള്‍ ചുരുക്കുന്നു.

മാനാട്ടിൽ തറവാട്ടിന്റെ കോലായിരുന്ന് സൊറ പറഞ്ഞതും കൊയിലാണ്ടിയിലെയും കൊല്ലത്തെയും പാര്‍ട്ടി ആഫീസിലെ ബെഞ്ചുകളിലിരുന്ന് ഫണ്ടിന്റെയും മെമ്പര്‍ഷിപ്പിനെയും ക്വാട്ട പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന് വേവലാതിപ്പെട്ടതും ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടതും അങ്ങനെ അങ്ങനെ ഒട്ടനവധി കാര്യങ്ങള്‍…

സ്വന്തം കൈവിരല്‍ പാടുകള്‍ പതിഞ്ഞിടത്തെല്ലാം ജീവിതത്തിന്റെ സുഗന്ധം അവശേഷിപ്പിച്ചിട്ടുപോയ ആ ചെറുപ്പക്കാരന്റെ ഓര്‍മ നിലനിര്‍ത്താന്‍ നല്ലൊരു സ്മാരകം നിര്‍മിക്കാന്‍ നമുക്കിനിയും കഴിയാത്തത് ഒരു ദു:ഖമായി നിലനില്‍ക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അനക്കമൊക്കെ വെച്ചെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ശങ്കറിന്റെ വേര്‍പാടിന്റെ ഇരുപത്തിയാറാം വാര്‍ഷികത്തിലെങ്കിലും നമുക്ക് ആ സ്വപ്നം നിറവേറ്റാന്‍ പുതിയ തുടക്കം കുറക്കാന്‍ ആവട്ടെയെന്ന് ആശിക്കുന്നു.