അയനിക്കാട് സ്വദേശി പ്രബീഷിന്റെ മരണത്തില്‍ ദുരൂഹത; താരാപുരം ബസ് സ്റ്റോപ്പിലും പരിസരത്തും പൊലീസിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പരിശോധന


Advertisement

പയ്യോളി: അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസിന്റെ പരിശോധന. അയനിക്കാട് സ്വദേശിയായ ചൊറിയന്‍ ചാലില്‍ പ്രബീഷാണ് മരണപ്പെട്ടത്.

Advertisement

തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വീഴ്ചയില്‍ സംഭവിച്ചതാണോ അതോ ആരെങ്കിലും അടിച്ചതാണോയെന്നതില്‍ വ്യക്തതയായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയത്.

Advertisement

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് പയ്യോളി എസ്.ഐ. എ അന്‍വര്‍ഷായുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. പ്രബീഷ് എത്തിയ അയനിക്കാട് മഹാകാളി ക്ഷേത്രസമീപത്തും ഇരിങ്ങല്‍ താരാപുരം ബസ് സ്റ്റോപ്പ് പരിസരത്തുമാണ് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയത്. മഹാകാളി ക്ഷേത്രപരിസരത്ത് ഗാനമേള നടന്ന സ്ഥലത്തും മറ്റും നായയെത്തി. തുടര്‍ന്ന് ബസ് സ്റ്റോപ്പിലും സമീപത്തെ വീട്ടുപറമ്പിലും ഓടിക്കയറി.

Advertisement

അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രബീഷിനെ അബോധാവസ്ഥയില്‍ കണ്ടത്. പ്രബീഷ് സഞ്ചരിച്ച വഴികള്‍ അറിയാനാണ് പരിശോധനയെന്ന് പൊലീസ് പറഞ്ഞു. പയ്യോളി കെനൈന്‍ സ്‌ക്വാഡിലെ ഡോണ എന്ന നായയെയാണ് പരിശോധനയ്ക്കായി എത്തിച്ചത്. രണ്ട് പരിശീലകരും കൂടെയുണ്ടായിരുന്നു.