ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനം; കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസെടുത്ത് എം.വി.ഡി- വീഡിയോ


കോഴിക്കോട്: ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തിയ കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. സംഭവത്തില്‍ വിദ്യാര്‍ഥിനികളോടും രക്ഷിതാക്കളോടും നേരിട്ട് ഹാജരാകാന്‍ ആര്‍.ടി.ഒ നിര്‍ദേശം നല്‍കി.

പ്രൊവിഡന്‍സ് കോളേജില്‍ നിയമങ്ങള്‍ ലംഘിച്ച് കാറുകളിലും ബൈക്കുകളിലും വിദ്യാര്‍ഥിനികള്‍ എത്തുന്ന ദൃശ്യങ്ങല്‍ പുറത്തുവന്നിരുന്നു. പല ബൈക്കിലും രണ്ടില്‍ കൂടുതല്‍ ആളുകളാണുണ്ടായിരുന്നത്. കാറുകള്‍ വിദ്യാര്‍ഥികള്‍ക്കിടയിലൂടെ അമിതവേഗതയില്‍ ഓടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് കോളേജ് അനുമതി നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

സംഭവത്തില്‍ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അടുത്ത ബുധനാഴ്ച ഹാജരാകാനാണ് ആര്‍.ടി.ഒ നിര്‍ദേശിച്ചത്.

നേരത്തെ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെയും മുക്കം എം.ഇ.എസ് കോളേജിലെയും സെന്റ് ഓഫ് ആഘോഷങ്ങളില്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപയോഗിച്ചതിനെതിരെ പൊലീസും മോട്ടോര്‍വാഹന വകുപ്പും നടപടി തുടങ്ങിയിരുന്നു.