ഇനി ഉള്ള്യേരിക്കാരൻ മൃണാളിനു സ്കൂളിൽ പോകാം; കൂട്ടായി ഗൗതമിന്റെ ഓർമ്മകളും ഉണ്ടാകും


ഉള്ള്യേരി: പുതിയൊരു ലോകം തുറന്നിരിക്കുകയാണ് മൃണാളിന്…. ഇനി സ്കൂളിൽ പോകാം… കൂട്ടുകാർക്കൊപ്പം സന്തോഷം പങ്കിടാം… യാത്രകൾ പോകാം…. നീണ്ട നാളത്തെ കാത്തിരിപ്പുകൾക്കു വിരാമമിട്ടു കൊണ്ട് മൃണാള്‍ കൃഷ്ണയുടെ യാത്രകൾക്ക് ചക്രങ്ങൾ ഉരുണ്ടു തുടങ്ങിയത്.

വര്‍ഷങ്ങളായി വീടിനകം മാത്രമായിരുന്നു കക്കഞ്ചേരി ഗവ. യു.പി സ്കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയായ മൃണാളിന്റെ ലോകം. അപ്രതീക്ഷിതമായാണ് ഇലക്‌ട്രിക് വീല്‍ ചെയർ കിട്ടിയത്. പൂനത്ത് കൃഷ്ണാലയത്തിലെ ദേവേശനും അഞ്ജുവുമാണ് വീൽ ചെയർ സമ്മാനമായി നൽകിയത്. അകാലത്തില്‍ വിട്ടുപോയ മകന്‍ ഗൗതം ദേവിന്റെ ഓർമ്മയ്ക്കായാണ് മൃണാളിനു ഈ സമ്മാനം നൽകിയത്.

പുറം ലോകം കാണാനുള്ള തന്റെ ആഗ്രഹം പലപ്പോഴും അവന്‍ പറയാറുണ്ടായിരുന്നുവെങ്കിലും വീട്ടിലേക്കുള്ള ദുര്‍ഘടവഴിയും അനുയോജ്യ വാഹനത്തിന്റെ അഭാവവും നിമിത്തം കുടുംബം നിസ്സഹായാവസ്ഥയിലായിരുന്നു. അപ്പോഴാണ് കൈത്താങ്ങായി നാട്ടുകാരും ദേവേശനും കുടുംബവും എത്തിയത്.

ഇലക്‌ട്രിക് വീല്‍ ചെയർ എത്തിയതോടെ വീടിനു മുന്നിലുള്ള വഴി രണ്ടു ദിവസം കൊണ്ട് നാട്ടുകാർ സഞ്ചാരയോഗ്യമാക്കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ദേവേശനും കുടുംബവും ഇലക്‌ട്രിക് വീല്‍ചെയര്‍ മൃണാളിന് കൈമാറി.

ഉഉേള്ള്യരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം. ബാലരാമന്‍, പ്രധാനാധ്യാപകന്‍ സി. അരവിന്ദന്‍, ഷാജി എന്‍. ബല്‍റാം, വി.ടി. മനോജ്, ഇര്‍ഷാദ്, സി.എം. സന്തോഷ്, മജീദ്, കെ.പി. മനോജ്, സി.എം. ശശി എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.