മുതുകാടുള്ള വീട്ടുകാരോട് പറഞ്ഞത് വിദേശത്തെന്ന്, ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് കുടുംബമറിഞ്ഞത് പൊലീസ് വീട്ടിലെത്തിയപ്പോള്‍; ചക്കിട്ടപ്പാറ സ്വദേശി ആല്‍ബിന്‍ പ്രതിയായ മയക്കുമരുന്ന് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


പേരാമ്പ്ര: ചക്കിട്ടപ്പാറ സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യന്‍ പ്രതിയായ മയക്കുമരുന്ന് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് പുതിയങ്ങാടിയില്‍ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് ആല്‍ബിന്‍ പിടിയിലായത്. വെള്ളയില്‍ പൊലീസ് മെയ് 19ന് പുതിയങ്ങാടിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ മയക്കുമരുന്ന് പിടികൂടിയത്.

779 ഗ്രാം എംഡിഎംഎയും 80 എല്‍എസ്ഡി സ്റ്റാമ്പുമുള്‍പ്പെടെ രണ്ടുകോടി രൂലയുടെ ലഹരിവസ്തുക്കളാണ് ഇവിടെ നിന്ന് പിടികൂടിയത്. വാടകവീട്ടിലുണ്ടായിരുന്ന ഷൈന്‍ഷാജിയും കൂട്ടാളി ആല്‍ബിന്‍ സെബാസ്റ്റ്യനും പൊലീസ് എത്തിയതോടെ കടന്നുകളയുകയായിരുന്നു.

കേരളം വിട്ട ഇവര്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഗോവയും ബംഗളുരുവിലും ഡല്‍ഹിയിലും മാറിമാറിത്താമസിക്കുകയായിരുന്നു. പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും ചേര്‍ന്നുനടത്തിയ അന്വേഷണത്തിനൊടുവില്‍ ബംഗളുരുവില്‍വെച്ച് കഴിഞ്ഞദിവസം ഷൈന്‍ഷാജിയെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആല്‍ബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കുമളിയില്‍വെച്ച് ആല്‍ബിനും പിടിയിലായി.

ബംഗളുരുവില്‍ നിന്നും ലഹരിമരുന്ന് കോഴിക്കോട്ടേക്ക് എത്തിച്ച് വിതരണം ചെയ്യുകയാണ് ഇവരുടെ പതിവ്. ഇവരുടെ മറ്റ് കൂട്ടാളികളെക്കൂടി കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കോഴിക്കോട് ഹോട്ടല്‍മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുമ്പോഴാണ് ഷൈനും ആല്‍ബിനും സുഹൃത്തുക്കളായത്. ജോലിയ്ക്കായി ഇരുവരും പിന്നീട് അര്‍മേനിയയിലേക്ക് പോയിരുന്നു. എന്നാല്‍ നാലുമാസത്തിനുശേഷം ഇവര്‍ വീട്ടുകാര്‍ പോലുമറിയാതെ നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ലഹരി കച്ചവടത്തില്‍ സജീവമാകുകയായിരുന്നു.

ആല്‍ബിന്‍ വിദേശത്താണെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍. കഴിഞ്ഞദിവസം ആല്‍ബിനെ അന്വേഷിച്ച് വെള്ളയില്‍ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മകന്‍ നാട്ടിലുണ്ടെന്നും ലഹരിക്കടത്തുസംഘത്തിന്റെ ഭാഗമാണെന്നും ബന്ധുക്കള്‍ അറിഞ്ഞത്.