ത്യാഗത്തിൻ്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ; വിശ്വാസനിറവിൽ കൊയിലാണ്ടിയിൽ പെരുന്നാൾ ആഘോഷം


കൊയിലാണ്ടി: ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ ആഘോഷമാക്കി വിശ്വാസികൾ. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ.

പെരുന്നാൾദിനത്തിൽ തിങ്കളാഴ്ച രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. കൊയിലാണ്ടി ടൗൺ സലഫി മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അക്ബർ സാദിഖ് നേതൃത്വം നൽകി.

മസ്ജിദിൽ മുജാഹിദീൻ (ഇർശാദ്) ബലി പെരുന്നാൾ നമസ്കാരത്തിന് അബ്ദുൽസലാം സുല്ലമി നേതൃത്വം നൽകി

സമർപ്പണത്തിൻ്റെയും, ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ ഉനൈസ് സ്വലാഹി പറഞ്ഞു. സാമൂഹിക ജീർണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാൾ വിശ്വാസി സമൂഹത്തിന് പകർന്ന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിന്മകളോട് പ്രതികരിക്കാതിരിക്കുകയും, നന്മക്ക് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല. ഇത് സ്രഷ്ടാവിൻ്റെ പരീക്ഷണങ്ങൾക്ക് കാരണമാകുമെന്നത് നാം മനസ്സിലാക്കണം. അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടന്ന ഈദ് ഗാഹിൽ ഈദ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നന്തി അൽ ഹിക്മ സെൻ്ററിൽ സൈഫുല്ല അൽ ഹികമിയും അരിക്കുളത്ത് മുഹമ്മദ് സ്വാലിഹ് അൽ ഹികമിയും കാപ്പാട്ട് ഹബീബുറഹ്മാൻ സ്വലാഹിയും പ്രാർത്ഥനക്ക് നേതൃത്വം നൽകി.