കൊല്ലം കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ഉള്ള്യേരി സ്വദേശി മരിച്ചു


ഉള്ളിയേരി: കൊല്ലം കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഉള്ള്യേരി സ്വദേശി മരിച്ചു. മത സമൂഹ്യ രാഷ്ട്രീയ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന തെരുവത്ത് കടവിലെ ഇ.സി. ഷിഹാബ് റഹ്‌മാന്‍ (45) ആണ് മരണപ്പെട്ടത്.

സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മകനൊപ്പം തിരുവനന്തപുരത്ത് പോയി കാറുമായി മടങ്ങവെ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ദേശീയ പാതയില്‍ വച്ച് ഷിഹാബ് റഹ്‌മാനും മകനും സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പരിസരവാസികളും കാര്‍ യാത്രക്കാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഷിഹാബ് റഹ്‌മാനെ ഉടനെ വെന്റിലേറ്ററിലാക്കിയെങ്കിലും ഇന്ന് കാലത്തോടെ മരണപ്പെടുകയായിരുന്നു. ചിക്കന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ്.

പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ നിന്നും ഹെഡ് കോണ്‍സ്റ്റബിള്‍ ആയി വിരമിച്ച പരേതനായ എടച്ചാലില്‍ അസന്‍ കുട്ടിയുടെയും സുലൈഖയുടെയും മകനാണ്. അബൂബക്കര്‍, ഷക്കീല, ഷാഹിദ, ഷഹര്‍ബാന്‍ എന്നിവര്‍ സഹോദരരാണ്. മഹ്‌സൂമയാണ് ഭാര്യ.

മക്കള്‍: ഇഹ്ജാസ്, നബ്ഹാന്‍, റാഹിദ് ഹസന്‍, ലാരിസ. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന് കബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.