എട്ടാം ക്ലാസിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം, പാർട്ടി ഭാരവാഹിത്വത്തിനൊപ്പം ജനപ്രതിനിധിയുമായി; കെ.ഇബ്രാഹിം മാസ്റ്ററുടെ വിയോഗത്തോടെ കൊയിലാണ്ടിക്ക് നഷ്ടമായത് മികച്ച പൊതു പ്രവര്‍ത്തകനെ
കൊയിലാണ്ടി: മുസ്ലിംലീഗ് നേതാവും വിദ്യഭ്യാസ, സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ. ഇബ്രഹിം മാസ്റ്ററുടെ വിയോഗത്തോടെ കൊയിലാണ്ടിക്കാര്‍ക്ക് നഷ്ടമായത് പൊതു പ്രവര്‍ത്തന രംഗത്തെ മാതൃക യോഗ്യന്‍. ജനപ്രതിനിധി, അധ്യാപകൻ, മുസ്ലീം ലീഗ് ഭാരവാഹിത്വം തുടങ്ങി നിരവധി മേഖലകളിൽ തന്റെ പ്രാഗത്ഭ്യം തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഗവ.മാപ്പിള സ്‌കൂളില്‍ എഴാം തരത്തില്‍ പഠിക്കുമ്പോഴാണ് മുസ്ലിം ലീഗ് പരിപാടികളില്‍ വാപ്പയുടെ കൂടെ പങ്കെടുക്കുന്നത്. ബോയ്സ് സ്‌കൂളിലേക്ക് എട്ടാം തരത്തില്‍ പഠനം തുടങ്ങിയത് മുതല്‍ മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായി. പിന്നീട് മുസ് ലിം യൂത്ത് ലീഗില്‍ ഭാരവാഹിയായതോടെ പൊതു പ്രവര്‍ത്ത രംഗത്ത് കൂടുതല്‍ സജീവമാവുകയും ചെയ്തു. ചന്ദ്രികയുടെ പ്രദേശിക ലേഖകനായി 15 വര്‍ഷക്കാലം പ്രവര്‍ത്തിച്ചു.
എട്ടാം ക്ലാസ് ഇന്നത്തെ ഡിഗ്രിക്ക് തുല്ല്യാമായതിനാല്‍ കൊയിലാണ്ടി കൊല്ലം ഗവ. മാപ്പിള സ്‌കൂളില്‍ അറബിക് അധ്യാപക ജോലിയും ലഭിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗ് രാഷ്ട്രീയ പഠന ക്ലാസ്സുകളിലും, പ്രഭാഷണ വേദികളിലെയും സ്ഥിര സാന്നിധ്യമായിരുന്നു ഇബ്രഹിം മാസ്റ്റർ. പഴയ കുറുംമ്പ്രനാട് താലൂക്ക് മുസ്ലിം ലീഗ് കമ്മിറ്റിയിലും ഭാരവാഹിയായിരുന്നു. സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍, പി വി മുഹമ്മദ്, പി കെ കെ ബാവ. എം അബ്ദുല്ലക്കുട്ടി ഹാജി എന്നിവരുടെ കൂടെ പ്രവര്‍ത്തിക്കാനും മാസ്റ്റര്‍ക്ക് കഴിഞ്ഞു.
2005 മുതല്‍ 2010 വരെ കൊയിലാണ്ടി നഗരസഭയില്‍ മുസ് ലിം ലീഗ് പ്രതിനിധിയായി കൗണ്‍സിലറായി. ഈ സമയത്താണ് വാര്‍ഡില്‍ നിരവധി റോഡുകളും തെരുവ് വിളക്കുകളും സ്ഥാപിച്ചത്. അഞ്ച് വര്‍ഷത്തെ തന്റെ കൗണ്‍സിലര്‍ സമയത്ത് വാര്‍ഡില്‍ മറ്റു വികസന പ്രവര്‍ത്തനങ്ങളും വ്യക്തികത ആനുകല്യങ്ങളും നല്‍കിയതിലൂടെ ജനകീയ കൗണ്‍സിലര്‍ എന്ന നാമവും മാസ്റ്റർക്ക് ലഭിച്ചു. കൊയിലാണ്ടിയിലെ ആദ്യത്തെ മുസ് ലിം മനേജ്മെന്റിന് കീഴിലുള്ള ഐസിഎസ് സ്‌കൂള്‍ സ്ഥാപകരില്‍ ഒരാളായ അദ്ദേഹം തുടക്കം മുതല്‍ 30 വര്‍ഷത്തോളം സ്ഥാപനത്തിന്റെ സെക്രട്ടറിയായിരുന്നു.
മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലര്‍, ജില്ലാ പ്രവര്‍ത്തക സമിതി, മണ്ഡലം ജനറല്‍ സെക്രട്ടറി, മുനിസിപ്പല്‍ പ്രസിഡണ്ട്, കൊയിലാണ്ടി ഹാര്‍ബന്‍ സൊസൈറ്റി പ്രസിഡണ്ട്, ഐസിഎസ് സെക്രട്ടറി, ഗവ. മാപ്പിള സ്‌കൂള്‍ പിടിഎ പ്രസിഡണ്ട്, മദ്രസത്തുല്‍ ബദ്രിയ്യ പ്രസിഡണ്ട് എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിലവില്‍ കൊയിലാണ്ടി ജുമാഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിുന്നു.
മാസ്റ്ററുടെ മരണ വാര്‍ത്തയറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍ ട്രഷറര്‍ സൂപ്പി നരിക്കട്ടേരി, മുന്‍ പാറക്കല്‍ അബ്ദുല്ല, മണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിം കുട്ടി, ജനറല്‍ സെക്രട്ടറി സി ഹനീഫ മാസ്റ്റര്‍, യൂത്ത് ലീഗ് പ്രസിഡണ്ട് ഫാസില്‍ നടേരി, ജനറല്‍ സെക്രട്ടറി കെ. കെ റിയാസ്, മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് കെ എം നജീബ്, എ അസീസ് മാസ്റ്റര്‍, യൂത്ത് ലീഗ് പ്രസിഡണ്ട് അബ്ദുല്‍ ബാസിത്ത്, സെക്രട്ടറി വി വി നൗഫല്‍ എന്നിവര്‍ നിര്യാണത്തില്‍ അനുശോചിച്ചു.