‘വെട്ടി വീഴ്ത്തിയ ശേഷം കത്തിക്കാനായിരുന്നു ഉദ്ദേശം, അതിനായി പെട്രോളും കരുതിയിരുന്നു’; നാദാപുരത്ത് പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് ലക്ഷ്യമിട്ടത് ക്രൂരമായ കൊലപാതകമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വടകര: നാദാപുരത്ത് പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് എന്ന യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തല്‍. പെണ്‍കുട്ടിയെ ആക്രമിക്കുന്ന സമയത്ത് ഇയാള്‍ കയ്യില്‍ പെട്രോള്‍ കരുതിയിരുന്നു. ഇത് തീ വയ്ക്കാനായിരുന്നെന്ന് റഫ്‌നാസ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
കുപ്പില്‍ പെട്രോള്‍ വാങ്ങിയ കല്ലാച്ചിയിലെ പമ്പിലും കൊടുവാള്‍ വാങ്ങിയ കക്കട്ടിലെ കടയിലും വട്ടോളി പെട്രോള്‍ പമ്പിലും പെണ്‍കുട്ടി ആക്രമിക്കപ്പെട്ട പേരോടും റഫ്‌നാസിനെ എത്തിച്ചു തെളിവെടുത്തു. തന്റെ പ്രണയാഭ്യര്‍ത്ഥ നിരസിച്ചതിനാല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് റഫ്‌നാസ് പറഞ്ഞതായി പൊലീസ് പറയുന്നു.
വ്യാഴാഴ്ച്ചയാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നാദാപുരത്തെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ഥിയും പേരോട് സ്വദേശിയുമായ നഹീമയെ ബൈക്കിലെത്തിയ കുറ്റ്യാടി മൊകേരി സ്വദേശി റഫ്‌നാസ് വെട്ടുകയായിരുന്നു. തലയ്ക്കും ശരീരമാസകലവും പെണ്‍കുട്ടിയ്ക്ക് വെട്ടേറ്റിട്ടുണ്ട്. വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നില ഗുരുതരമായതോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
പെണ്‍കുട്ടിയെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തുടര്‍ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പെണ്‍കുട്ടിയെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച റഫ്‌നാസിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.
സ്‌കൂളില്‍ സഹപാഠികളായിരുന്നു ഇരുവരും. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം റഫ്‌നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു.