പാറക്കെട്ടിലിരുന്നു മദ്യപിച്ചു, തർക്കത്തിനൊടുവിൽ കൊലപാതകം; കൊയിലാണ്ടിയിൽ അസം സ്വദേശിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ബെൽറ്റ് മുറുക്കിയശേഷം കടലിൽ മുക്കി


കൊയിലാണ്ടി: കൊയിലാണ്ടി മായൻ കടപ്പുറത്ത് അസം സ്വദേശിയായ യുവാവിന്റെ മരണത്തിലേക്ക് നയിച്ചത് മദ്യപിച്ചുണ്ടായ തർക്കം. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷിയാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന പാറക്കെട്ടിലായിരുന്നു അസം സ്വദേശികള്‍ ഇരുന്നിരുന്നത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്.

കടപ്പുറത്ത് പാറക്കെട്ടിനു സമീപം മദ്യപിച്ച് ബഹളമുണ്ടായതിനെ തുട൪ന്ന് നാട്ടുകാർ എത്തിയപ്പോൾ ഒരാൾ കമിഴ്ന്ന് കിടക്കുന്നതാണ് കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഉടൻ തന്നെഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും യുവാവ് മരണപ്പെട്ടിരുന്നു. കഴുത്തിൽ ബെൽറ്റ് മുറുക്കി ദുലുവിനെ കടലിൽ മുക്കിക്കൊല്ലുകയായിരുന്നു.

യുവാവിന്റെ മരണത്തിനുത്തരവാദിയായ സുഹൃത്തുക്കളെ സിനിമാ സ്റ്റെെലിലാണ് പിന്നീട് പോലീസ് പിടികൂടുന്നത്. പോലീസെത്തിയപ്പോൾ പ്രതികളിലൊരാൾ കടലിൽ ചാടി. നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പിടികുടുകയായിരുന്നു. രണ്ടാമത്തെ ആൾ രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ എത്തിയെങ്കിലും പോലീസിൻ്റെ മിന്നൽ തെരച്ചിലിൽ പിടിയിലായി. അസം സ്വദേശികളായ മനോരഞ്ജന്‍, ലക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി സി.ഐ. എൻ.സുനിൽകുമാർ, പയ്യോളി സി.ഐ.കെ.സി.സുഭാഷ് ബാബു തുടങ്ങിയവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എസ്.ഐ. എം.എൻ.അനുപ്, ജയകുമാരി, അരവിന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് സ്ഥലത്തെത്തിയിയിരുന്നു.

 

Summary: A native of Assam was killed in Koyilandy by tying a belt around his neck and drowning him in the sea