കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായി എന്‍. മുരളീധരനെ തിരിച്ചെടുത്തു
കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായി എന്‍. മുരളീധരനെ തിരിച്ചെടുത്തു. സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആഗസ്ത് 22ന് നടന്ന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സംഭവിച്ച പിഴവിന്റെ പേരില്‍ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എന്‍. മുരളീധരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍ എന്നിവരെ സ്ഥാനങ്ങളില്‍നിന്നും കെപി സിസി നിര്‍ദ്ദേശ പ്രകാരം മാറ്റി നിര്‍ത്തിയിരുന്നു.
സംഭവിച്ച പിഴവ് തിരുത്തുകയും പാര്‍ട്ടി തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍. മുരളീധരനെ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ടായും വി.പി. ഭാസ്‌കരനെ ഡിസിസി ജനറല്‍ സെക്രട്ടറിയായും തല്‍സ്ഥാനങ്ങളില്‍ തുടരാം.
ജൂലൈ 31 ന് നടന്ന സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബാങ്ക് ഭരണസമിതിയിലേക്ക് യു.ഡി.എഫിന്റെ ഔദ്യോഗിക പാനല്‍ വിജയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അഡ്വ. കെ.വിജയനെയാണ് ഡിസിസി നേതൃത്വം ബാങ്ക് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എ വിഭാഗക്കാരനായ അന്നത്തെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായിരുന്ന മുരളീധരന്‍ തോറാേത്ത് ഐ വിഭാഗക്കാരുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ചിരുന്നു. മുരളീധരനെ വൈസ് പ്രസിഡന്റാക്കാനായിരുന്നു ഡി.സി.സി നേതൃത്വമുണ്ടാക്കിയ ധാരണ. ഐ വിഭാഗത്തിലെ സി.പി. മോഹനന്‍ വൈസ് പ്രസിഡന്റുമായി.
ഈ വിഷയത്തില്‍ അച്ചടക്ക ലംഘനം നടത്തിയതിന് എന്‍.മുരളീധരനെ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡി.സി.സി നീക്കം ചെയ്യുകയും കെ.പി.സി.സി മെമ്പര്‍ രത്നവല്ലി ടീച്ചര്‍ക്ക് ബ്ലോക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തിരുന്നു.