ഉറക്കം കെടുത്തി കരിവണ്ട് ശല്ല്യം; ദുരിതത്തിലായി ചങ്ങരോത്ത് പഞ്ചായത്ത് നിവാസികൾ; ജനങ്ങൾ മറ്റിടങ്ങളിൽ അഭയം തേടേണ്ട അവസ്ഥയിൽ
പേരാമ്പ്ര: രാത്രി കാലമാകുമ്പോഴേക്കും ശബ്ദമുണ്ടാക്കി ഒരു സംഘം മുഴുവൻ എത്തും. പിന്നെ ഭീതിയുടെ സമയങ്ങളാണ്. ചങ്ങരോത്ത് നിവാസികളുടെ ഉറക്കം കെടുത്തുന്നത് മറ്റാരുമല്ല, ഒരു സംഘം കരിവണ്ടുകളാണ്. പലരും ഇപ്പോൾ ബന്ധു വീടുകളിൽ അഭയം തേടാനൊരുങ്ങുകയാണ്.
പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കൊല്ലി മുക്ക്, പുല്ലാംകുന്നത്ത് മൈലടൻ കുഴി ഭാഗത്താണ് കരിവണ്ടുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ഇതു കാരണം ജനങ്ങൾക്ക് വീടുകളിൽ കഴിയാൻ പറ്റാത്ത അവസ്ഥയാണ്. രാത്രിയാകുമ്പോഴാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. ഇവ കൂട്ടമായി എത്തുന്നതിനാൽ, നേരിടാനും പ്രയാസമാണ്.
ഉറങ്ങി കിടക്കുന്നവരെ ഉപദ്രവിക്കുന്നത് കൂടാതെ ഭക്ഷണത്തിലും കുടിവെള്ളത്തിലുമെല്ലാം . ഇത് വന്നിറങ്ങും. ചെറിയ കുഞ്ഞുങ്ങളും പ്രായമുള്ള ആളുകളും വീട്ടിലുള്ളവർ ഇതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്. മറ്റു വീടുകളിലേക്ക് പ്രശ്ന പരിഹാരമുണ്ടാക്കുന്നത് വരെ മാറാനൊരുങ്ങുകയാണ് പലരും.