സ്റ്റോറൂമിലെ കറി പൗഡറുകളും സോസുകളുമെല്ലാം കാലവധി കഴിഞ്ഞ് രണ്ടും മൂന്നും വര്‍ഷം പഴക്കമായത്; പയ്യോളിയില്‍ ഹോട്ടലിനെതിരെ നടപടിയെടുത്ത് നഗരസഭ ആരോഗ്യവിഭാഗം
പയ്യോളി: പയ്യോളിയിലെ ഹോട്ടലില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കാലാവധി കഴിഞ്ഞ നിരവധി ഉല്പന്നങ്ങള്‍. തീര്‍ത്ഥ ഇന്റര്‍നാഷണലില്‍ നിന്നാണ് പഴകിയ കറി പൗഡറുകളും സോസുകളും പപ്പടവും പിടിച്ചെടുത്തത്.
ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ”ഒന്നോ രണ്ടോ കുപ്പികളല്ല, കാലാവധി കഴിഞ്ഞ നിരവധി സോസുകളും കറി പൗഡറുകളുമൊക്കെയാണ് ഈ ഹോട്ടലിലെ സ്‌റ്റോറില്‍ നിന്നും കണ്ടെടുത്തത്” എന്ന് പരിശോധനയില്‍ പങ്കെടുത്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ബിന്ദുമോള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തീര്‍ത്ഥ ഇന്റര്‍നാഷണലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
തീര്‍ത്ഥയ്ക്ക് പുറമേ ആറോളം സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. കീഴൂര്‍ ശിവക്ഷേത്ര റോഡ് കവാടത്തിന് സമീപത്തെ പിക് ഫ്രഷ് ഹോള്‍ സെയില്‍ വെജ് ഷോപ്പില്‍ നിന്നും കാലാവധി പപ്പടവും പിടിച്ചെടുത്തിട്ടുണ്ട്.
നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ബിന്ദു മോള്‍, ജെ.എച്ച്.ഐമാരായ പി.ജിഷ, ഡി.ആര്‍.രജനി, ഡ്രൈവര്‍ നാസിഫ്, സാനിറ്റേഷന്‍ വര്‍ക്കര്‍ ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.