പയ്യോളി ബീച്ച് റോഡിലെ ഫിഷ് സ്റ്റാള്‍ നഗരസഭ വീണ്ടും അടപ്പിച്ചു: നടപടി കോടതി ഉത്തരവിനെ തുടര്‍ന്ന്‌


പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപത്തെ ഫിഷ് സ്റ്റാള്‍ നഗരസഭാ ആരോഗ്യ വിഭാഗം വീണ്ടും അടപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരം റാഹത്ത് ഫിഷ് സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടിയത്.

കച്ചവട ലൈസന്‍സുമായി ബന്ധപ്പെട്ട് 2010, 2016, 2021 വര്‍ഷങ്ങളില്‍ സ്ഥാപനത്തിനെതിരെ നഗരസഭ നടപടി എടുത്തിരുന്നു. മാലിന്യ സംസ്‌ക്കരണ സംവിധാനത്തിലെ പോരായ്മയും, വൃത്തിഹീനമായ ചുറ്റുപാടും കാരണം രണ്ട് തവണ സ്ഥാപനം അടച്ചു പൂട്ടിയിരുന്നു. എന്നാല്‍ ഓരോ തവണ നടപടിക്ക് വിധേയമാവുമ്പോഴും നിയമ പോരാട്ടത്തിലൂടെ വീണ്ടും അനുകൂല ഉത്തരവ് സമ്പാദിച്ച് സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

എന്നാല്‍ ഏറ്റവും ഒടുവിലായി 2023 നവംബര്‍ മാസം ഇറങ്ങിയ ഹൈക്കോടതി കോടതി ഉത്തരവ് നഗരസഭയ്ക്ക് അനൂകൂലമാകുകയായിരുന്നു. ഉത്തരവ് സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസമാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇതെ തുടര്‍ന്ന് ഇന്ന് രാവിലെ സ്ഥാപനം അടച്ചുപൂട്ടാനായി അധികൃതര്‍ സ്ഥലത്തെത്തുകയായിരുന്നു.

എന്നാല്‍ ഉത്തരവ് വന്ന കാര്യം സ്ഥാപന ഉടമ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഉടമയും നഗരസഭാ അധികൃതരും ഏറെ നേരം സംസാരിച്ച ശേഷമാണ് കാര്യങ്ങള്‍ ഉടമയ്ക്ക് മനസിലായത്. തുടര്‍ന്ന് ഉടമ തന്നെ സ്ഥാപനത്തിലെ മത്സ്യങ്ങളും മറ്റും പുറത്തേക്ക് എടുത്ത് വെച്ച് അധികൃതരോട് സഹകരിച്ചെന്ന് പയ്യോളി നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേഘനാഥന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഹെൽത്ത് ഇൻസ്പെക്ടർമാരായ മേഘനാഥൻ, മജീദ്, രജനി എന്നിവരുടെ നേതൃത്വത്തിലാണ് നടപടി പൂർത്തിയാക്കിയത്.