അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ ആ നാല് സ്ഥാപനങ്ങളുടെ പേരറിയാൻ നാട്ടുകാർക്കും അവകാശമില്ലേ?! ശുചിത്വമില്ലാത്തതിന്റെ പേരില്‍ നടപടി നേരിട്ട കൊയിലാണ്ടിയിലെ സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാതെ നഗരസഭാ ഉദ്യോഗസ്ഥര്‍
കൊയിലാണ്ടി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുമ്പോഴും നടപടി നേരിട്ട സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാതെ കൊയിലാണ്ടി നഗരസഭാ ഉദ്യോഗസ്ഥര്‍. രണ്ടുദിവസം മുമ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ നാല് ഹോട്ടലുകള്‍ പൂട്ടാന്‍ നഗരസഭാ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണ് എന്ന വിമര്‍ശനമുയരുന്നുണ്ട്.
ഈ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ തിരക്കി കൊയിലാണ്ടി ന്യൂസ് പലവട്ടം നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും ‘ഓര്‍മ്മയില്ല, നാളെ പറയാം’ എന്നൊക്കെ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടിയ വാർത്ത നൽകിയതിനെ തുടർന്ന് കടകളുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യവുമായി നിരവധി വായനക്കാരാണ് കൊയിലാണ്ടി ന്യൂസിനെ ബന്ധപ്പെട്ടത്.
കൊയിലാണ്ടി ടൗണിലും പരിസരപ്രദേശങ്ങളിലുമായി ഇരുപതോളം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമാണ് കഴിഞ്ഞദിവസം പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നാല് കടകള്‍ക്ക് അടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്.