”സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂര്‍ ബോംബ് നിര്‍മ്മാണം”; അനുസ്മരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍


കീഴരിയൂര്‍: സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ ശ്രദ്ധേയമായിരുന്ന സംഭവമായിരുന്നു കീഴരിയൂര്‍ ബോംബ് നിര്‍മാണമെന്ന് മുന്‍ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സമരത്തിലെ നിര്‍ണായക ഘട്ടമായ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തവര്‍ ഇന്നത് അംഗീകരിക്കുന്നു എന്ന കാര്യം നല്ല മാറ്റമാണ്. കീഴരിയൂര്‍ സികെജി സാംസ്‌കാരിക വേദി ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കീഴരിയൂര്‍ ബോംബ് കേസ് അനുസ്മരണ സമ്മേളനവും വി.എ.കേശവന്‍ നായര്‍ രചിച്ച ഇരുമ്പഴിക്കുള്ളില്‍ പുസ്തകത്തിന്റെ പുന:പ്രകാശനകര്‍മവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് ഇന്ത്യന്‍ ഭരണ ഘടന കത്തിച്ചവര്‍ ഇന്ന് അതില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു. ജനാധിപത്യം പുലര്‍ത്താനും വര്‍ഗീയതയെ എതിര്‍ക്കാനും കോണ്‍ഗ്രസിന് വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. ബോംബ് കേസിലെ പതിന്നാലാം പ്രതിയായിരുന്ന മുള്ളങ്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ എന്ന സമരരക്തസാക്ഷിയുടെ മകള്‍ കല്യാ ണിയമ്മക്ക് നാടിന്റെ ഉപഹാരം മുല്ലപ്പള്ളി നല്‍കി.

സികെജി സാംസ്‌കാരിക വേദി പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ബോംബ് കേസ് അനുസ്മരണ പ്രഭാഷണം നടത്തി. വിജയരാഘവന്‍ ചേലിയ പുസ്തക പരിചയം നടത്തി. രാജേഷ് കീഴരിയൂര്‍, ഇടത്തില്‍ രാമചന്ദ്രന്‍, പി.കെ.മനോജ് കുമാര്‍, സവിത നിരത്തിന്റെ മീത്തല്‍,
ടി.എം.പ്രജേഷ് മനു എന്നിവര്‍ പ്രസംഗിച്ചു.