ഭക്തിമയം ‘തൃമധുരം’; കൊയിലാണ്ടി സ്വദേശികള്‍ ചേര്‍ന്ന് തയ്യാറാക്കിയ ഭക്തിഗാനങ്ങള്‍ മൂകാംബികയില്‍ പ്രകാശനം ചെയ്തു


കൊയിലാണ്ടി: ദിയ കമ്മ്യൂണിക്കേഷന്റെ മൂകാംബിക ഭക്തിഗാനങ്ങള്‍ കേരളവാദ്യകലാ അക്കാദമി ചെയര്‍മാന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. കേരള സംഗീത നാടക അക്കാദമി അംഗമായ ആനയടി പ്രസാദിന് നല്‍കിയാണ് സിഡി പ്രകാശനം ചെയ്തത്. കൊയിലാണ്ടി സ്വദേശികള്‍ ചേര്‍ന്നാണ് ഭക്തിഗാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഗാനഗന്ധര്‍വന്‍ കെ യേശുദാസിന്റെ 82 ാം ജന്മദിനത്തിന്റെ ഭാഗമായി മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ വച്ചായിരുന്നു പരിപാടി. ഒന്‍പത് ഗാനങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വിയ്യൂര്‍ സ്വദേശി കരുമ്പക്കല്‍ സുധാകരനാണ് ഗാനരചന. സംഗീതം കൊല്ലം സ്വദേശി അനില്‍ ചെട്ടിമഠവും, ഓര്‍ക്കസ്‌ട്രേഷന്‍ സുശാന്ത് കോഴിക്കോട്, പ്രശാന്ത്ശങ്കര്‍ എന്നിവരും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഡോ: കാഞ്ഞങ്ങാട് രാമചന്ദന്‍, സിത്താര കൃഷ്ണകുമാര്‍, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ജ്യോതിക എസ്.ആര്‍ മംഗലത്ത്, ഗിരീഷ് നടുവത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. കലാപ്രതിഭകളും ടീം മാനേജര്‍ കെ.ടി. രമേഷും പരിപാടിയില്‍ പങ്കെടുത്തു.