‘പ്രകൃതിയുടെ ഹരിതവര്‍ണ ചാരുതയ്‌ക്കൊപ്പം മനസ്സും മനുഷ്യനും മഞ്ഞുരുക്കുന്ന പ്രാര്‍ത്ഥനകളും നിറയുന്ന ഇടം’ മുചുകുന്ന് കോട്ടകോവിലകം ക്ഷേത്രത്തെക്കുറിച്ച് ശരത്പ്രസാദ് ടി.എം എഴുതുന്നു
തൊഴുതിറങ്ങും പടികള്‍ക്കപ്പുറം’ഹിമചന്ദ്ര ദ്വൈ ഭാവ (രണ്ട് ഭാവം) മുഖസഞ്ചയം’ മുചുകുന്നിന്റെ മണ്ണില്‍ കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ സ്ഥിതിചെയ്യുന്ന പുണ്യ പുരാതന ക്ഷേത്രങ്ങള്‍ ‘ശ്രീ കോട്ട കോവിലകം’.
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുപാട് പൗരാണിക കാഴ്ചപ്പാടുകള്‍ ഇന്നും ഇഴമുറിയാതെ നിലനിര്‍ത്തി കൊണ്ടുപോകുന്ന ക്ഷേത്രാചാരങ്ങള്‍ ഉള്‍പ്പെട്ട കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളുടെ പട്ടികയില്‍പെട്ട തലയെടുപ്പോടെ നിലനില്‍ക്കുന്ന ക്ഷേത്രങ്ങള്‍. കോട്ടയില്‍ ക്ഷേത്രത്തില്‍ ശിവഭഗവാനും കോവിലകം ക്ഷേത്രത്തില്‍ ഭഗവതിയും ആണ് കുടികൊള്ളുന്നത്.
കിഴക്കോട്ട് മുഖമായി നിലനില്‍ക്കുന്ന കോട്ടയില്‍ ക്ഷേത്രത്തില്‍ ഈശാന കോണില്‍ (വടക്ക് കിഴക്കഴക്കേ ഭാഗം) നാഗസങ്കല്‍പങ്ങള്‍ കുടിയിരുത്തെപ്പെട്ടിരിക്കുന്നു. പ്രകൃതിയുടെ ‘ഹരിത വര്‍ണ ശിലാചാരുത’നിലനില്‍ക്കുന്ന ഒരായിരം സസ്യലതാതികളും, ഇന്നും പേരറിയാത്ത ഒരുപറ്റം ഔഷധ സസ്യങ്ങളും വള്ളിപടര്‍പ്പുകളും കൊണ്ട് ഇണപിരിയാത്ത ഒത്തൊരുമ നിലനില്‍ക്കുന്ന കാവ് ആണ് കോട്ടയില്‍ ക്ഷേത്രത്തിന്റെ നയനമനോഹാരിത’… ക്ഷേത്രത്തിന് ശിലാനിര്‍മ്മിത ചുറ്റുമതിലും, കവാടവും ഒപ്പംതന്നെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ‘ഒരു കുളിര്‍ കാറ്റിനും തെളിനീര്‍ ഉറവയ്ക്കും സൗരഭ്യം ചേര്‍ന്നൊരാ പലനിര പടവൊത്ത ‘കുളവും ഒരിക്കലും കണ്ടുമടുക്കാത്ത ‘നിര്‍വൃതിതന്‍ വര്‍ണനാ രൂപങ്ങള്‍’ എന്ന് തന്നെ പറയം.
കോട്ടയില്‍ ഭഗവാന് ‘വാതില്‍ കാപ്പവര്‍’ എന്നൊരു പേര്കൂടി ഉണ്ട്. ശിവഭഗവാന്‍ ബാണാസുരന്റെ കോട്ടയ്ക്ക് കാവല്‍ നിന്നത് കൊണ്ടാണ് ഇങ്ങനെ ഒരുപേരില്‍ അറിയപ്പെടാന്‍ കാരണം. ക്ഷേത്രത്തിലെ ദേവ സങ്കല്‍പങ്ങള്‍ എങ്ങനെ എന്നാല്‍ ശിവന്‍ (സ്വയംഭൂ), പാര്‍വ്വതി, ആദിത്യന്‍, സുബ്രഹ്‌മണ്യന്‍, ഗണപതി, ഭഗവതി എന്നിവയാണ്.
കോട്ടയില്‍ ക്ഷേത്രത്തെക്കുറിച്ചുള്ള പറയപ്പെടുന്ന ഐതിഹ്യം എന്തെന്നാല്‍ കാവില്‍ വള്ളികള്‍ വെട്ടാന്‍ എത്തിയ ചണ്ഡാളരില്‍ ഒരാള്‍ ഒരു കറുത്ത ശിലാരൂപം കാണുകയും, തന്റെ കയ്യിലെ ആയുധത്തിന് മൂര്‍ച്ചകൂട്ടാനായി ആ ശിലയില്‍ ഉരയ്ക്കുകയും ചെയ്യുന്നു. ആ സമയം ശിലയില്‍ നിന്നും രക്തം പൊടിയുന്ന കാഴ്ച കാണാന്‍ ഇടയാവുന്നു. അയാള്‍ ചക്കചണ്ടിക്കാര്‍ മുഖേന എടമന ഇല്ലത്തെ വലിയ തിരുമേനിയായ മുത്തശ്ശനോട് കാര്യം ചെന്നറിയിക്കുന്നു. വിവരങ്ങള്‍ അറിഞ്ഞപാടെ കിണ്ടിയില്‍ വെള്ളവും കൈവിളക്കുമായി അദ്ദേഹം അവിടേക്ക് പുറപ്പെടുന്നു. കാട് മൂടി നിന്ന ആ പരിസരത്തിനടുത്ത മങ്ങാട്ടുവീട്ടിലെ മാണിക്യത്തെ വിളിച്ച് സ്ഥലശുദ്ധി വരുത്തുകയും, അവര്‍ നല്‍കിയ ചൊട്ടയിലയില്‍ തിരുമേനി നൈവേദ്യം സമര്‍പ്പിക്കുകയും ചെയ്തു. എടമന ഇല്ലത്തെ തറവാട് ക്ഷേത്രം അയ്യപ്പക്ഷേത്രമായതിനാല്‍ അയ്യപ്പനായി കണ്ട് തന്നെ സ്വയംഭൂശിലയ്ക്ക് പൂജ നടത്തുകയും ചെയ്യുന്നു. എടമന തിരുമേനി മങ്ങാട്ടു മാണിക്യത്തെ ആ സന്തര്‍ഭത്തില്‍ വിളിച്ച ആ വിളി കോട്ടയില്‍ ഉത്സവാഘോഷ ചടങ്ങിലെ പ്രധാന ചടങ്ങായി ‘മാണിക്യം വിളി’എന്നപേരില്‍ ഇന്നും തുടര്‍ന്നുപോരുന്നു. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തേക്ക് നോക്കി പേര് വിളിക്കുന്ന ഈ ചടങ്ങിന് മങ്ങാട്ടുവീട്ടിലെ ഒരാള്‍ മറുവിളി കേള്‍ക്കുകയും ചെയ്യുന്നു.
സ്വയംഭുശിലകണ്ട ചണ്ഡാളന്‍ ‘തലകൊത്തി കുനി’ എന്നറിയപ്പെടുന്ന സ്ഥലത്ത് തലകൊത്തി മരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇന്ന് ‘കിള്ളവയല്‍’എന്നറിയപ്പെടുന്ന ഗുരുമുത്തപ്പന്‍ ക്ഷേത്ര സ്ഥാപിതമായ ഇവിടെ മേടമാസത്തില്‍ ഉത്സവം നടത്തപ്പെട്ടുവരികയും ചെയ്യുന്നു.
കോട്ടയില്‍ ക്ഷേത്രത്തിലെ ചെമ്പടിച്ച ശ്രീകോല്, പാട്ട് കൂട്, വാതില്‍മാടം, മതില്‍, കുളം എന്നിവ പണികഴിപ്പിച്ചത് മങ്കൂട്ടില്‍ തറവാട്ടിലെ കാരണവര്‍ ആയിരുന്ന ചാത്തുകുട്ടിനായര്‍ ആണ്. കോട്ടയില്‍ ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ മേപ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടും, കോട്ടയില്‍ മേല്‍ശാന്തി ബ്രഹ്‌മശ്രീ മരക്കാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും, കോവിലകം തന്ത്രി ബ്രഹ്‌മശ്രീ ചുവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് കുബേരന്‍ സോമയാജിപ്പാടും, കോവിലകം മേല്‍ശാന്തി ബ്രഹ്‌മശ്രീ എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ആണ്.
കോട്ടയില്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാട് പരിപാല പായസം, ചതുശതം, ധാര എന്നിവയൊക്കെയാണ്. ആറാട്ടിന് ഇളന്നീരാട്ടവും ഉണ്ടാവും. രാവിലെ ഒരുനേരത്തെ പൂജ എന്ന രീതിയാണ് ഇവിടെ. വൈകീട്ട് ദേവ പൂജ നടക്കുന്നു എന്നതാണ് ഐതിഹ്യം.
‘കുളിര്‍ മഞ്ഞിന്‍ കണിക ഞെട്ടറ്റ് വീഴുന്ന ചെറുപുല്‍ നാമ്പുകളുടെ തളിര്‍ നനവറിയുന്ന പോല്‍’ ശ്രീ കോവിലകം ക്ഷേത്രം. ക്ഷേത്ര ഐതിഹ്യം എന്തെന്നാല്‍ കുറുംബ്രനാട് രാജാവിന്റെ കോയ്മയില്‍ നിലനിന്ന ക്ഷേത്രം സാമൂതിരിയുടെ കൈവശത്തെത്തുകയും, സാമൂതിരിയില്‍ നിന്നും കൊടുങ്ങല്ലൂര്‍ തമ്പുരാന്റെ നേതൃത്വവും പിന്നീട് മങ്കൂട്ടില്‍ തറവാട്ടുകാര്‍ ഊരാളന്‍മാരായി തുടര്‍ന്നുപോരുകയും ചെയ്യുന്നു. കൊടുങ്ങല്ലൂരമ്മയുടെ ഭക്തനായ കൊടുങ്ങല്ലൂര്‍ തമ്പുരാന്‍ ഉപാസനാ മൂര്‍ത്തിയായ അമ്മയെ കോവിലകത്ത് വടക്കോട്ട് നടയായി കുടിയിരുത്തി എന്നും പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി ബ്രഹ്‌മരക്ഷസിന്റെ സ്ഥാനവും ഉണ്ട്.
കോട്ട കോവിലകം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മുചുകുന്നിലെ മറ്റൊരു ക്ഷേത്രമാണ് വാഴയില്‍ ശ്രീ ഭഗവതി ക്ഷേത്രം. മകരമാസത്തില്‍ കോവിലകം ക്ഷേത്രത്തിലേക്ക് അവിടെ നിന്നും തുടികൊട്ടല്‍ അകമ്പടിയോടെ ‘പൊടലില്‍’ (നെല്ല് ഇടുന്ന പാത്രം)അവകാശികള്‍ നെല്ല് സമര്‍പ്പിക്കുന്നു. ഈ ചടങ്ങിന് ശേഷം ഉച്ചാല്‍ വിളക്കോടെ കോട്ട കോവിലകം ക്ഷേത്ര ഉത്സവ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നു. ഈ ദിവസം മീത്തലെ കോവിലകത്തു നിന്നും അവകാശികള്‍ കോവിലകം ക്ഷേത്രത്തില്‍ ഒത്തുകൂടി അടിയന്തിരയോഗം എന്ന ചടങ്ങോടെ ഉത്സവത്തിന് സമാരംഭംകുറിക്കുന്നു.ഉത്സവ നടത്തിപ്പിന് അവകാശികള്‍ക്ക് വെറ്റില കൊടുക്കല്‍ ചടങ്ങ് അവിടെ നടക്കുന്നു.’തിരുവത്താഴത്തിന് അരികൊടുക്കട്ടെ, സന്ധ്യാ വേലയ്ക്ക് കൊട്ടിവെക്കട്ടെ’ എന്നിങ്ങനെയുള്ള വായ്ത്താരി രൂപേണയുള്ള അനുവാദങ്ങള്‍ മൂന്ന് തവണ കോയ്മ ഉത്സവ നടത്തിപ്പിനായി തമ്പുരാനില്‍(ഇന്ന് ഊരാളന്‍മ്മാരില്‍)നിന്നും വാങ്ങുന്നു.
‘കുംഭമാസം 25ന് തുടങ്ങി മീനമാസം 1ന്’അവസാനിക്കുന്ന ക്ഷേത്ര ഉത്സവ ചടങ്ങില്‍ ആറാട്ട് ദിവസം കോവിലകം ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഭഗവാനും ഭഗവതിയും നെരവത്ത് മീത്തല്‍ വാഴയില്‍ ശ്രീ ഭഗവതിയുമായി കൂടിക്കാഴ്ച നടത്തുന്ന ചടങ്ങ് ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്ന ചടങ്ങാണ്…’തമ്മില്‍ തമ്മില്‍ ‘എഴുതി ചേര്‍ക്കാനാവാത്തത്ര നിര്‍ണയപൂര്‍ണമല്ലാത്ത ഒത്തിരി ചടങ്ങുകളോടെ കുളിച്ചാറാട്ട് നടക്കുന്നത് കോവിലകം ക്ഷേത്ര കുളക്കടവില്‍ ആണ്.
ഇരുക്ഷേത്രങ്ങളിലെയും പ്രധാന വഴിപാടായിരുന്നു ‘തിരുവുടയാട ചാര്‍ത്തല്‍’. വെളുത്താടന്‍ വിഭാഗക്കാര്‍ക്കാണ് ഇതിന്റെ അവകാശം. അലക്കിയ തോര്‍ത്തുകള്‍ അതാത് ദിവസം ദേവസമര്‍പ്പണം ചെയ്യുക എന്നതാണീ ചടങ്ങ്. കോവിലകം ക്ഷേത്രത്തില്‍ ഭഗവതിക്ക് വലിയ പുഷ്പാഞ്ചലി, കന്നിമാസത്തിലെ 41ദിവസം തോറ്റം, തുലാം6-7 ദിവസങ്ങളിലെ കളമെഴുത്തും പാട്ടും എന്നിങ്ങനെ പലതരത്തില്‍ പ്രാധാന്യത്തോടെ വഴിപാടുകളും ചടങ്ങുകളും നിലനിക്കുന്നു.
ആര്‍ഭാടവും അനാര്‍ഭാടവും എന്തെന്ന് പുതുതലമുറയ്ക്ക് കാണിച്ച് കൊടുക്കുന്ന ഒരുപാട് ചടങ്ങുകള്‍ ഉള്‍പ്പെട്ട ക്ഷേത്രങ്ങളാണ് കോട്ട കോവിലകം. കോട്ടയില്‍ ക്ഷേത്രത്തില്‍ തിരു ഉത്സവം രണ്ടാം ദിവസം ഭക്തര്‍ക്ക് നല്‍കുന്ന അന്നദാനത്തിലെ ‘ചക്കയും കഞ്ഞിയും’രുചികൊണ്ടും ലാളിത്യം കൊണ്ടും എന്തെന്നില്ലാത്ത ‘കാലം മറക്കാത്ത കൂട്ടിചേര്‍ക്കലുകളാണ്’. ഇരിങ്ങത്ത് കണ്ടി നാരായണന്‍ വൈദ്യരാണ് ഇന്നും ഇതിനാവശ്യമായ വസ്തുക്കള്‍ ക്ഷേത്രത്തില്‍ സമര്‍പ്പണം ചെയ്ത് വരുന്നത്.
മനസ്സും മനുഷ്യനും മഞ്ഞുരുക്കുന്ന പ്രാര്‍ത്ഥനകളും, നിര്‍വചനാതീതമായ ഓര്‍മ്മപ്പെടുത്തലുകളുമായി ‘ശ്രീ കോട്ട കോവിലകം’ ക്ഷേത്രത്തിന്റെ ചരിത്രതാളുകള്‍ക്കൊപ്പം ഒരു പട്ടം പറത്തല്‍ നടത്താന്‍ നിമിത്തമായ മന്ദമാരുതന്റെ ചെറു അറിവുകള്‍ക്ക്, അക്ഷരങ്ങള്‍ക്ക് മണ്‍ചിരാതിന്റെ പ്രഭാവലയങ്ങളുമായി മിന്നിമായുന്ന മിന്നാമിന്നി പോലെ.