ആറാട്ട് ഉത്സവത്തിന് ഒരുങ്ങി മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം; മാര്‍ച്ച് ഒമ്പതിന് കൊടിയേറ്റം


കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രം ആറാട്ട് ഉത്സവം മാര്‍ച്ച് ഒന്‍പത് മുതല്‍ 15-വരെ നടക്കും. ഒന്‍പതിന് രാവിലെ കോട്ട – കോവിലകം ക്ഷേത്രങ്ങളില്‍ കലവറ നിറക്കല്‍, 11 -ന് കോവിലകം ക്ഷേത്ര നടപ്പന്തല്‍ പ്രശസ്ത സിനിമാതാരം മനോജ്.കെ.ജയന്‍ സമര്‍പ്പിക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകുന്നേരം കോട്ടയകത്തു നിന്നും തണ്ടാന്റെ മേലേരി വരവോടുകൂടി കോട്ടയില്‍ ക്ഷേത്രത്തിലേക്ക് കൊടിമര വരവ്. കോവിലകം ക്ഷേത്രത്തില്‍ നിന്ന് കോട്ടയില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തുടര്‍ന്ന് മാണിക്യം വിളി, പൂജകള്‍ക്ക് ശേഷം മേപ്പള്ളിമന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ നേതൃത്വത്തില്‍ കൊടിയേറ്റം നടക്കും.

മാര്‍ച്ച് 10- ന് ഉച്ചക്ക് കോട്ടയില്‍ ക്ഷേത്രത്തില്‍ പാരമ്പര്യ ആചാരപ്രകാരമുള്ള പ്രസാദ ഊട്ട്. വൈകുന്നേരം കോട്ടയില്‍ ക്ഷേത്രത്തില്‍ സര്‍പ്പബലി, കോവിലകം ക്ഷേത്രത്തില്‍ വൈകിട്ട് ഏഴിന് ഭക്തിഗാന സുധ. 11- ന് വൈകിട്ട് കോവിലകം ക്ഷേത്രത്തില്‍ മെഗാ തിരുവാതിരക്കളി, കൈ കൊട്ടിക്കളി, പ്രാദേശിക കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്ന്.

12-ന് ഭഗവതി പാട്ട്, കോട്ടയില്‍ ക്ഷേത്രത്തില്‍ രാവിലെ മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍ തുള്ളല്‍, ഉച്ചയ്ക്ക് പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍ കൂത്ത്, കോവിലകം ക്ഷേത്രത്തില്‍ വൈകുന്നേരം തണ്ടാന്റെ മേലേരി വരവ്, 7.30-ന് കോട്ട കോവിലകം കലാക്ഷേത്രത്തിന്റെ സര്‍ഗ്ഗസന്ധ്യ, തുടര്‍ന്ന് സ്‌കോളര്‍ ഷിപ്പ് വിതരണം, രാത്രി മുല്ലക്കല്‍ പാട്ടിന് എഴുന്നള്ളത്ത്, ഭഗവതിക്ക് കളമെഴുത്തും പാട്ടും.

13-ന് പള്ളിവേട്ട, രാവിലെ കോട്ടയില്‍ ക്ഷേത്രത്തില്‍ പ്രസാദ് അടിതിരിപ്പാടിന്റെ പ്രഭാഷണം -കലശവും പ്രാധാന്യവും, ചാക്യാര്‍ കൂത്ത്, ഉച്ചക്ക് പ്രസാദ ഊട്ട്, ഓട്ടന്‍തുള്ളല്‍, ഇളനീര്‍കാവ് വരവുകള്‍, ഇളനീര്‍വെപ്പ്, രാത്രി കോട്ടയില്‍ ക്ഷേത്രത്തില്‍ നിന്നും കോവിലകം ക്ഷേത്രത്തിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്, കാഞ്ഞിലശ്ശേരി പത്മനാഭന്‍ നയിക്കുന്ന പഞ്ചവാദ്യം, മുചുകുന്ന് ശശിമാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം.

14 – ന് ആറാട്ട്, വൈകുന്നേരം കോവിലകം ക്ഷേത്രത്തില്‍നിന്നും കോട്ടയില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, നിരവത്ത് കുന്നില്‍ വെച്ച് വാഴയില്‍ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളത്തുമായി കൂടിക്കാഴ്ച, കോട്ടയില്‍ ക്ഷേത്രത്തില്‍ ഇളനീരാട്ടം, കോവിലകം ക്ഷേത്രത്തില്‍ രാവിലെ ഭക്തിഗാന സുധ, വൈകുന്നേരം വാഴയില്‍ ക്ഷേത്രത്തില്‍ നിന്നും വാള്‍ എഴുന്നള്ളത്ത്, വൈകുന്നേരം ഓട്ടം തുള്ളല്‍, ഏഴിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം – ചിറക്, എട്ടിന് കോട്ടയില്‍ ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളത്ത്, കലാമണ്ഡലം ശിവദാസന്‍, കാഞ്ഞിലശേരി വിനോദ് മാരാര്‍, മുചുകുന്ന് ശശിമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിമേളം, വെടിക്കെട്ട്, ആറാട്ട് കടവില്‍ കുളിച്ചാറാട്ട്, കേട്ടയില്‍ ക്ഷേത്രത്തിലേക്ക് തിടമ്പാെഴുന്നള്ളത്ത്, മാണിക്യം വിളി.

15 – ന് വൈകുന്നേരം കോട്ടയില്‍ ക്ഷേത്രത്തില്‍ നിന്ന് മടക്കെഴുന്നള്ളത്ത്, ശുദ്ധികലശം എന്നിവയോടെ ഉത്സവം സമാപിക്കും. മാര്‍ച്ച് 16- മുതല്‍ 22- വരെ കര്‍പ്പൂരാദി മഹാദ്രവ്യ നവീകരണകലശവും നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര ക്ഷേമ സമിതി ജനറല്‍ സെക്കട്ടറി രജീഷ് എടവലത്ത്, ട്രസ്റ്റി ബോര്‍ഡ് വൈ: ചെയര്‍മാന്‍ ശ്രീനിവാസന്‍ കിഴക്കേടത്ത്, പന്തല്‍ കമ്മറ്റി ചെയര്‍മാന്‍ രാജന്‍ ചേനോത്ത്, കെ.പി.രാജന്‍, ചേനോത്ത് ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.