എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ; സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ മൃതദേഹം അൽപസമയത്തിനകം വസതിയിലേക്ക് കൊണ്ടുപോകും. പൊതുദർശനം വീട്ടിൽ നടക്കും. 26ന് വൈകിട്ട് മാവൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. സമയം പിന്നീട് തീരുമാനിക്കും. എംടിയോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
ഇന്ന് രാത്രി പത്തോടെ ബേബി മെമ്മേറിയൽ ആശുപത്രിയിലായിരുന്നു എം.ടി വാസുദേവൻ നായരുടെ അന്ത്യം. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു.
ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു.