എം.ടി.പത്മ, തീരദേശമേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കുംവേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കിയ നേതാവ്; ഓര്‍മ്മയായത് കൊയിലാണ്ടിക്കാര്‍ക്ക് ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച എം.എല്‍.എ


കൊയിലാണ്ടി: അന്തരിച്ച മുന്‍ മന്ത്രി എം.ടി പത്മ കൊയിലാണ്ടിക്കാര്‍ക്ക് സ്വന്തം നേതാവാണ്. കൊയിലാണ്ടി മണ്ഡലത്തില്‍ ഒട്ടുമിക്കയിടത്തെയും വികസന പ്രവര്‍ത്തനങ്ങളില്‍ എം.ടി.പത്മയുടെ കയ്യൊപ്പ് കാണാം. മണ്ഡലത്തിന്റെ വലിയൊരു ഭാഗം വരുന്ന തീരദേശ മേഖലയ്ക്ക് മന്ത്രിയെന്ന നിലയില്‍ പ്രത്യേക ശ്രദ്ധ നല്‍കിയ ആളായിരുന്നു അവര്‍. തീരദേശ നിവാസികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു അവര്‍ ഊന്നല്‍ നല്‍കിയത്.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് താമസിച്ചു പഠിക്കാന്‍ കൊയിലാണ്ടിയില്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥാപിച്ചത് പത്മ മന്ത്രിയായ സമയത്താണ്. വഞ്ചികള്‍ അടുപ്പിക്കാന്‍ കൊയിലാണ്ടിയില്‍ ഫിഷ് ലാന്റിങ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നിലും പത്മയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. കൊയിലാണ്ടി ഹാര്‍ബറിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവമായതും ഇക്കാലത്താണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ പദ്ധതികളിലൊന്നായിരുന്നു മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി. തൊഴിലാളികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് അവരുടെ വറുത്തിക്കാലത്ത് സര്‍ക്കാര്‍ വിഹിതം കൂടി ചേര്‍ത്ത് നല്‍കുന്ന ഈ പദ്ധതി നിരവധി പേര്‍ക്ക് ആശ്രയമായി. കൊയിലാണ്ടിയിലെ കടലാക്രമണത്തെ തടയാന്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിനായി കേന്ദ്ര ഫണ്ട് ലഭ്യമാക്കിയതും ഇക്കാലത്താണ്. മത്സ്യ തൊഴിലാളികള്‍ക്ക് വീട്, കുടിവെള്ളം, ശൗചാലയം തുടങ്ങിയ പദ്ധതികള്‍ പത്മയുടെ വികസന നേട്ടങ്ങളായിരുന്നു. ഇതുകൊണ്ടെക്കെയാവണം പിന്നാക്കം നില്‍ക്കുന്ന തീരദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ എം.ടി.പത്മയ്ക്ക് അറിഞ്ഞുകൊടുത്ത വകുപ്പാണ് ഫിഷറീസെന്ന് പലരും അഭിപ്രായപ്പെട്ടത്.

തീരദേശ മേഖലയില്‍ ഒതുങ്ങുന്നില്ല എം.ടി.പത്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍. കൊയിലാണ്ടി പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തി. സംസ്‌കൃത കോളേജ്, എം.എസ്.പി ക്യാമ്ബ് ഓഫീസ്, ആവിക്കല്‍ പാലം, ഒറോക്കുന്നില്‍ ഭവന പദ്ധതി, ഹാര്‍ബറിന് വേണ്ടിയുള്ള ശ്രമം ഇങ്ങനെ ഒട്ടേറെ പദ്ധതികള്‍ കൊയിലാണ്ടിയ്ക്ക് സമ്മാനിച്ചത് പത്മയായിരുന്നു. ഗ്രാമീണ മേഖലയില്‍ ഗതാഗത സൗകര്യം, പട്ടികജാതി കോളനികളില്‍ അടിസ്ഥാന സൗകര്യം തുടങ്ങിവെച്ചത് പത്മയുടെ കാലത്തായിരുന്നു. അഴിമതി രഹിത പൊതുജീവിതമായിരുന്നു പത്മയുടേതെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും. മണ്ഡലത്തിലെ പ്രദേശിക കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന മട്ടിലുള്ളതായിരുന്നു പത്മയുടെ സൗഹൃദം.

1987ലും 1991ലും കൊയിലാണ്ടിയെ പ്രതിനീധികരിച്ചാണ് അവര്‍ എം.എല്‍എയും മന്ത്രിയുമായത്. 1987ല്‍ കെ. കരുണാകരന്‍ എം.ടി. പത്മയെ കൊയിലാണ്ടിയിലേക്ക് അയച്ചപ്പോള്‍ സി.പി.എം നേരിട്ടത് ജില്ലയിലെ ഏറ്റവും ശക്തയായ ടി. ദേവിയെ സ്ഥാനാര്‍ത്ഥിയാക്കിയായിരുന്നു. പക്ഷേ, തുടക്കക്കാരിയെങ്കിലും പത്മയുടെ ജനപിന്തുണയ്ക്കു മുന്നില്‍ ടി.ദേവിയ്ക്ക് തോല്‍വി അറിയേണ്ടി വന്നു. 1991ല്‍ പത്മ വീണ്ടും കൊയിലാണ്ടിയിലെത്തിയപ്പോള്‍ സി.പി.എം നിയോഗിച്ചത് സി.കുഞ്ഞമ്മദ് എന്ന പ്രാദേശിക നേതാവിനെയായിരുന്നു. അവിടെയും പത്മ വിജയകിരീടം ചൂടി. അങ്ങനെയാണ് കെ. കരുണാകരന്റെ മന്ത്രിസഭയില്‍ ഗ്രാമവികസന- ഫിഷറീസ് മന്ത്രിയാവുന്നത്.