കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിനെതിരായ കയ്യേറ്റം; എസ്.എഫ്.ഐ നടപടി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപമാനമെന്ന് എം.എസ്.എഫ്


കൊയിലാണ്ടി: ക്യാമ്പസ് രാഷ്ട്രീയത്തെ ഗുണ്ടായിസം വളര്‍ത്താനുള്ള ഇടമായാണ് എസ്.എഫ്.ഐ കാണുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിന് നേരെ നടന്ന കയ്യേറ്റമെന്ന് എം.എസ്.എഫ്. എസ്.എഫ്.ഐയുടെ മോശം രാഷ്ട്രീയ ചരിത്രത്തിന്റെ തുടര്‍ച്ചയായി ഗുരുദേവ കോളേജിലെ അനിഷ്ട സംഭവങ്ങളും എണ്ണപ്പെടുമെന്ന് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

എസ്എഫ്‌ഐ ഗുണ്ടായിസത്തിന് ക്യാമ്പസുകളില്‍ പരോക്ഷ പിന്തുണ നല്‍കുകയും യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ഇടതുപക്ഷ അധ്യാപകര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. ക്യാമ്പസുകളില്‍ ലഹരിക്കും മറ്റു അരാജകപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന എസ്.എഫ്.ഐ സിപിഎമ്മിന്റെ പോലും നിയന്ത്രണത്തിലല്ലെന്നും എം.എസ്.എഫ് പറയുന്നു.

ഇത്തരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഷിബില്‍ പുറക്കാട് ജനറല്‍ സെക്രട്ടറി സിഫാദ് ഇല്ലത്ത് ട്രഷറര്‍ ഫര്‍ഹാന്‍ പൂക്കാട് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.