കൊയിലാണ്ടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് എം.പി ഷാഫി പറമ്പില്‍.
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് എം.പി ഷാഫി പറമ്പില്‍. കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ദുരിതാശ്വാസ ക്യമ്പുകളാണ് സന്ദര്‍ശിച്ചത്. കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍, കോതമംഗലം ജി.എല്‍.പി സ്‌കൂള്‍, കൊല്ലം ഗുരുദേവ കോളേജ് എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്.
ഇന്ന് വൈകീട്ടോടെയാണ് എം.പി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയത്. കോണ്‍ഗര്‌സ് ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്,വാര്‍ഡ് കൗണ്‍സിലര്‍ എ സുമതി, മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, രജീഷ് വെങ്ങളം, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, തന്‍ഹീര്‍ കൊല്ലം കൗൺസിലർമാരായ ദൃശ്യ എം, വത്സരാജ് കേളോത്ത്, ലളിത. എ എന്നിവര്‍ ഷാഫിയോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
കൊല്ലം കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൂടുതല്‍ കുടുംബങ്ങളെ ഇന്ന് കൊല്ലം ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇന്നലെ അഞ്ച് കുടുംബങ്ങളെക്കൂടി ഗുരുദേവ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി.
25 കുടുംബങ്ങളില്‍ നിന്ന് 90 പേരാണ് നിലവില്‍ ക്യാമ്പില്‍ കഴിയുന്നത്. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ വലിയ തോതില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് പത്തിലേറെ കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിത്താമസിപ്പിച്ചത്. കൊയിലാണ്ടി താലൂക്കില്‍ 10 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ 319 പേരാണുള്ളത്.
കുറുവങ്ങാട് സ്‌കൂളില്‍ ആരംഭിച്ച ക്യമ്പില്‍ പത്തോളം കുടുംബങ്ങളാണ് എത്തിയിട്ടുള്ളത്.