വിലമതിക്കാനാവാത്ത നൊസ്റ്റാൾജിയ, കൊയിലാണ്ടി മുചുകുന്ന്കാരുടെ സ്നേഹം കണ്ടോ’; മുചുകുന്ന് കോട്ടയില്‍ കോവിലകം ക്ഷേത്ര സന്ദര്‍ശനത്തെക്കുറിച്ച് വാചാലനായി സിനിമാതാരം മനോജ് കെ.ജയന്‍


കൊയിലാണ്ടി: നടപന്തല്‍ സമര്‍പ്പണത്തിനായി  മുചുകുന്ന് കോട്ടയില്‍ കോവിലകം ക്ഷേത്രത്തിലെത്തിയ അനുഭവം ഫേസ്ബുക്കില്‍ പങ്കിട്ട് സിനിമാതാരം മനോജ് കെ ജയന്‍. 33 വര്‍ഷങ്ങള്‍ക്ക് ശേഷം വിലമതിക്കാനാവാത്ത നൊസ്റ്റാള്‍ജിയയായിരുന്നു ദൈവം ഇന്നലെ സമ്മാനിച്ചതെന്നായിരുന്നു സന്ദര്‍ശനത്തെക്കുറിച്ച് താരം പറഞ്ഞത്. കൊയിലാണ്ടി മുചുകുന്ന്കാരുടെ സ്‌നേഹം കണ്ടോ എന്നു തുടങ്ങുന്ന കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

മനോജ് കെ.ജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്നേഹം കണ്ടോ
ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിന് ഞാൻ എത്തിയപ്പോൾ…,’സർഗത്തിലെ’ കുട്ടൻ തമ്പുരാന് ജീവൻ നൽകിയ, ഒരുപാട് സീനുകൾ ചിത്രീകരിച്ച പരിസരവും, അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി, 33 വർഷങ്ങൾക്ക് ശേഷം. വിലമതിക്കാനാവാത്ത നൊസ്റ്റാൾജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത് എൻ്റെ ഗുരുനാഥൻ ഹരിഹരൻ സാറിനെയും സർഗത്തിൻ്റെ എല്ലാ സഹപ്രവർത്തകരെയും ഹൃദയം കൊണ്ട് നമിച്ചു.

നടപന്തല്‍ സമര്‍പ്പണത്തിനായി ഇന്നലെ രാവിലെയാണ് താരം ക്ഷേത്രത്തിലെത്തിയത്. മനോജ് കെ.ജയനെ കാണാനായി നിരവധി പേരാണ് ഇന്നലെ ക്ഷേത്ര പരിസരത്ത് എത്തിയത്. മനോജ് കെ.ജയന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സര്‍ഗം’ എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന് ചവിട്ടിനിന്നത് മുചുകുന്നിന്റെ മണ്ണിലായിരുന്നു. കന്യാവനത്തിന് നടുവിലായി ശില്പചാരുതയിലൊരുക്കിയ ചെങ്കല്‍പ്പടവുകളുള്ള ക്ഷേത്രക്കുളത്തിലും കുളപ്പടവുകളിലും സമയം ചെലവഴിച്ചാണ് മനോജ് കെ.ജയന്‍ മടങ്ങിയത്.