കൈക്കൂലി വാങ്ങുന്നുവെന്ന്‌ വിജിലൻസ് കണ്ടെത്തൽ; സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകൾ നിർത്തലാക്കുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിൻറെ ചെക് പോസ്റ്റുകൾ നിർത്തലാക്കാൻ ആലോചന. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നുവെന്ന്‌ വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും.

ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നേരത്തെയുണ്ടായിരുന്നു. കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയത്. മോട്ടോർ വാഹനവകുപ്പിൻെറ 20 ചെക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്. ഓൺലൈൻ വഴി ടാക്സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകൾ പ്രിൻറ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ പരിശോധിക്കണമെന്ന് 2021 ജൂൺ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്നാണ് ചെക്ക് പോസ്റ്റുകൾ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടർന്നത്.

എല്ലാ ചെക് പോസ്റ്റുകളിലും എഐ ക്യാമറുകളുണ്ട്. ഈ ക്യാമറുകൾ വഴി എല്ലാ വാഹനങ്ങളുടെ നമ്പറുകൾ മോട്ടോർ വാഹനവകുപ്പിനും ലഭിക്കാത്ത രീതിയിൽ മൊഡ്യൂൾ ക്രമീകരിക്കും. പരിവാഹന വഴി ഇതിനുള്ള സൗകര്യമൊരുക്കാനുള്ള ശുപാർശയാണ് മോട്ടോർവാഹനവകുപ്പ് തയ്യാറാക്കുന്നത്. വാഹന നമ്പറുകൾ അനുസരിച്ച് ഓൺ ലൈൻ പരിശോധന നടത്തിയാൽ നികുതി അടച്ചിട്ടുണ്ടോ, ഇല്ലയോ എന്നറിയാൻ സാധിക്കും. നികുതി അടയ്ക്കാത്ത വാഹനകളെ വഴിയിൽ തടഞ്ഞ് പരിശോധന നടത്താനും നികുതിയില്ലെങ്കിൽ പിഴ വാങ്ങാനുമുള്ള രീതിയിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

Description: Motor vehicle department check posts are being abolished in the state