‘എന്നെ ഓന്‍ കൊല്ലും ഉമ്മാ’ എന്ന് ഷഹന പറഞ്ഞിരുന്നു; നടിയും മോഡലനുമായ ഷഹനയുടെ മരണം കൊലപാതകമെന്ന് അമ്മ


Advertisement

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍. ഷഹനയുടെ ഭര്‍ത്താവ് സജാദ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മകള്‍ ഫോണ്‍ വിളിച്ച് ‘എന്നെ ഓന്‍ കൊല്ലും’ എന്ന് പറഞ്ഞിരുന്നതായും അമ്മ ഉമൈബ മാധ്യമങ്ങളോടു പറഞ്ഞു.

Advertisement

മകളെ ജീവനോടെ നിങ്ങളുടെ കൂടെ അയക്കില്ലെന്ന് സജാദ് തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ ആരോപിച്ചു. ഷഹന ഇന്നലെ വിളിച്ചിരുന്നു. ഇന്ന് ബര്‍ത്ത്‌ഡേയാണെന്നും താന്‍ വിരുന്നൊരുക്കി വെയ്ക്കുമെന്നും എല്ലാവരും വീട്ടിലേക്ക് വരണമെന്നും പറഞ്ഞിരുന്നു. അങ്ങനെയുള്ള ഷഹന രാത്രി പന്ത്രണ്ടരയോടെ ആത്മഹത്യ ചെയ്തുവെന്നത് വിശ്വസിക്കാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

Advertisement

ഷഹന ജനലില്‍ കയര്‍ കെട്ടി തൂങ്ങി മരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സജാദിന്റെ മടിയിലാണ് ഷഹനയെ കണ്ടതെന്നാണ് നാട്ടുകാര്‍ തങ്ങളോടു പറഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു.

Advertisement

കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി വാടകവീട്ടില്‍ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ നടത്താനാണ് തീരുമാനം.

ഒന്നര വര്‍ഷം മുന്‍പാണ് സജാദും ഷഹനയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ബസാറില്‍ വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.