മണിയൂര്‍ റോഡിലെ ഗതാഗത തടസം: മൂരാട് പാലം ഇന്ന് വൈകീട്ട് ആറ് മണി വരെ തുറന്നു കൊടുക്കും
പയ്യോളി: മൂരാട് പാലം ഇന്ന് വൈകീട്ട് ആറ് മണി വരെ വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കും. പാലം അടച്ചുമ്പോള്‍ വാഹനങ്ങള്‍ക്ക് പോകാനായി മണിയൂര്‍ വഴിയുള്ള പകരം റോഡില്‍ ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് രാവിലെ കണ്ടെയിനര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചത്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂരാട് പുതിയ പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് പഴയ പാലം അടയ്ക്കാന്‍ തീരുമാനിച്ചത്. നവംബര്‍ 25 വരെയാണ് പാലം ഭാഗികമായി അടയ്ക്കുക. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് തീരുമാനം.
യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയും, വൈകീട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയും മൂരാട് പാലത്തിലൂടെ ഗതാഗതം അനുവദിച്ചിട്ടുണ്ട്. ബാക്കി സമയങ്ങളില്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
പാലം അടച്ചത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും ദിശാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പാലം അടയ്ക്കുമ്പോള്‍ വാഹനങ്ങള്‍ പോകേണ്ട പകരം റോഡുകളും ജില്ലാ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.
യാത്രക്കാരുമായി വടകരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വടകര-പണിക്കോട്ടി റോഡ്-മണിയൂര്‍ ഹൈസകൂള്‍-തുറശ്ശേരി മുക്ക്-തുറശ്ശേരിക്കടവ് പാലം-കിഴൂര്‍ ശിവക്ഷേത്രം ജങ്ഷന്‍ വഴി പയ്യോളിയില്‍ പ്രവേശിച്ചാണ് പോകേണ്ടത്.
പയ്യോളി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് വരുന്ന യാത്രാ വാഹനങ്ങള്‍ പയ്യോളി-തച്ചന്‍കുന്ന്-അട്ടക്കുണ്ട് പാലം-ബാങ്ക് റോഡ് വഴി വടകര ടൗണില്‍ പ്രവേശിച്ച് ദേശീയപാതയിലൂടെ പോകണം.
കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്കുള്ള സ്വകാര്യ ലോക്കല്‍ ബസുകള്‍ ഗതാഗത നിയന്ത്രണമുള്ള സമയങ്ങളില്‍ ഇരിങ്ങല്‍ ഓയില്‍മില്‍ ജങ്ഷനില്‍ യാത്രക്കാരെ ഇറക്കി തിരികേ പോകേണ്ടതാണ്.
തലശ്ശേരിയില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍ പെരിങ്ങത്തൂര്‍ – നാദാപുരം – കുറ്റ്യാടി – പേരാമ്പ്ര – ഉള്ളിയേരി – അത്തോളി – പൂളാടിക്കുന്ന് വഴി കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കണം. കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് വരുന്ന പൂളാടിക്കുന്ന്- അത്തോളി- ഉള്ളിയേരി- പേരാമ്പ്ര- കുറ്റ്യാടി- നാദാപുരം-പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയില്‍ പ്രവേശിക്കേണ്ടതാണ്.