ഭവന സഹായ പദ്ധതി, കാര്‍ഷിക പദ്ധതി എന്നിങ്ങനെ ഇതിനകം ആവിഷ്‌കരിച്ചത് നിരവധി പദ്ധതികള്‍; 50ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്


മൂടാടി: സുവര്‍ണ ജൂബിലി ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്. 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഒട്ടനവധി വികസന പദ്ധതികളാണ് ബാങ്ക് ആവിഷ്‌കരിച്ചത്. ഭവന സഹായ പദ്ധതി, നവീകരിച്ച ഓഡിറ്റോറിയം, കാര്‍ഷിക പദ്ധതികള്‍, യുവ സംരംഭക പദ്ധതികള്‍, എ ക്ലാസ് അംഗങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രചോദന മുദ്ര തുടങ്ങിയ പദ്ധതികളും വിവിധ സെമിനാറുകള്‍, മുന്‍കാല സാരഥികളെ ആദരിക്കല്‍, നിക്ഷേപക സംഗമം, കുടിശ്ശിക നിവാരണ ക്യാമ്പ് എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.

1927 മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വീമംഗലം വിവിധോദ്ദേശ്യ ഐക്യ നാണയ സംഘവും മൂടാടി ഐക്യനാണയ സംഘവും 1975ല്‍ ഒന്നിച്ചു ചേര്‍ന്നാണ് ഇന്നത്തെ മൂടാടി സര്‍വ്വീസ് സഹകരണ ബാങ്കായി മാറിയത്. 50 വര്‍ഷം കൊണ്ട് എല്ലാവിഭാഗങ്ങളിലുമായി 24777 മെമ്പര്‍മാരും 138 കോടി രൂപ ഓഹരി മൂലധനവുമായുള്ള സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കായി മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് വളര്‍ന്നിട്ടുണ്ട്. നന്തി ടൗണില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസും മൂടാടിയിലും മുചുകുന്നിലുമായി രണ്ടു ശാഖകളും നമ്മുടെ ബാങ്കിനുണ്ട്.

12 സ്ഥിരം ജീവനക്കാരും എട്ട് താല്‍ക്കാലിക ജീവനക്കാരും ബാങ്കില്‍ പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ ഏതാവശ്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന നമ്മുടെ ബാങ്ക് അവരുടെ സമ്പാദ്യങ്ങള്‍ക്ക് ഉയര്‍ന്ന തോതിലുള്ള പലിശ നല്‍കി സുരക്ഷിതമായി നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 82 കോടിയില്‍പരം രൂപ നിക്ഷേപമായുണ്ട്. 66 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. 12 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നമ്മുടെ ബാങ്ക് അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കിവരുന്നുണ്ട്.

നമ്മുടെ പഞ്ചായത്തിലെ ഓരോ വീട്ടിലേയും ഒരു അംഗമെങ്കിലും ഈ ബാങ്കില്‍ അക്കൗണ്ടുള്ളവരാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാരും ഭരണസമിതി അംഗങ്ങളും. നമ്മുടെ ബാങ്കിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും സാന്നിധ്യവും ഉണ്ടാകണമെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് കെ.വിജയരാഘവന്‍ മാസ്റ്റര്‍, സെക്രട്ടറി കെ.പി.ബിനേഷ്, കെ.എം. കുഞ്ഞിക്കണാരന്‍ (വൈസ് പ്രസി.) സി. ഫൈസല്‍, കെ.കെ. രഘുനാഥന്‍ (ഡയറക്ടര്‍മാര്‍) എന്നിവര്‍ പങ്കെടുത്തു.

Summary: Moodadi Service Co-operative Bank is gearing up to celebrate its 50th anniversary