മൂടാടി പഞ്ചായത്തും യുവ ക്ലബ്ബും മുന്നിട്ടിറങ്ങി, ഇന്തോനേഷ്യന്‍ ഓപ്പണ്‍ മത്സരത്തിന്റെ സാമ്പത്തികച്ചെലവ് കണ്ടെത്തി; കൊയിലാണ്ടിയുടെ പാരാ ബാഡ്മിന്റണ്‍ താരം ഏഷ്യന്‍ ഗെയിംസില്‍ മാറ്റുരയ്ക്കണമെങ്കില്‍ ഇനിയും വേണും സുമനസുകളുടെ കരുതല്‍


മൂടാടി:കൊയിലാണ്ടിയുടെ ബാഡ്മിന്റണ്‍ താരം മുചുകുന്ന് സ്വദേശി കെ.ടി.നിതിന് പ്രതീക്ഷയേറുകയാണ്, സാമ്പത്തികച്ചിലവ് വഹിക്കാനാവാത്തതിനാല്‍ നഷ്ടപ്പെടുമെന്ന കരുതിയ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് നാടിന്റെ കരുതലില്‍ നിതിന്റെ കയ്യെത്തും ദൂരത്തെത്തിക്കഴിഞ്ഞു, ഇനിയുള്ളത് ജപ്പാന്‍ ഓപ്പണിനായി വേണ്ട ചെലവാണ്. നാട് നാട്ടുകാരും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നിതിനിപ്പോള്‍.

നിതിനുവേണ്ടി സമാഹരിച്ച തുക മൂടാടി പഞ്ചായത്ത്, യുവ ക്ലബ് അധികൃതർ കുടുംബത്തിന് കൈമാറുന്നു

മൂടാടി പഞ്ചായത്തും യുവ ക്ലബ്ബുമാണ് നിതിനുവേണ്ടി മുന്നിട്ടിറങ്ങിയത്. ചുരുങ്ങിയ ദിവസങ്ങളില്‍ക്കുള്ളില്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍ മത്സരത്തിനായി വേണ്ടുന്ന ഒന്നരലക്ഷം രൂപ കണ്ടെത്തുകയും ചെയ്തു. ആഗസ്റ്റ് 23ന് ഈ തുക അടച്ചാല്‍ നിതിന് ഇന്തോനേഷ്യന്‍ ഓപ്പണില്‍ മത്സരിക്കാം.

അഞ്ച് ദിവസം കൊണ്ടാണ് പഞ്ചായത്തും പ്രദേശവാസികളും യുവ ക്ലബ്ബും പണം സമാഹരിച്ചത്. അടുത്ത മത്സരമായ ജപ്പാന്‍ ഓപ്പണിലേക്ക് രണ്ടുലക്ഷത്തോളവും ചെലവുണ്ട്. ഇതിനായി സ്പോണ്‍സറെയും തുകയും കണ്ടെത്താനുള്ള തിരക്കിലാണ് നാട്. യുവ ക്ലബ്ബിലെ അംഗമാണ് കെ.ടി നിതിന്‍. നിതിന്റെ എല്ലാ മത്സരങ്ങള്‍ക്കും സഹായകമായതും ക്ലബ്ബും നാട്ടുകാരുമാണ്.

ഏഷ്യന്‍ ഗെയിംസ് എന്ന സ്വപ്‌നത്തിലേക്കെത്താന്‍ ഇനി ഇന്തോനേഷ്യന്‍, ജപ്പാന്‍ കടമ്പകള്‍ കൂടി കടക്കണം; ലക്ഷ്യത്തിലേക്കെത്താന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം കൂടിയേ തീരൂ, അഭ്യര്‍ത്ഥനയുമായി കൊയിലാണ്ടിയുടെ പാരാ ബാഡ്മിന്റണ്‍ താരം

ഈ രണ്ടുമത്സരങ്ങളും കഴിഞ്ഞാല്‍ നിതിന് പാരാ ബാഡ്മിന്റണില്‍ റാങ്കിംഗ് ലഭിക്കും. ഇതോടെ നിതിന് തന്റെ ഏറ്റവും വലിയ സ്വപ്‌നമായ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ കഴിയും. കൊയിലാണ്ടിയില്‍ നിന്നും ഒരാള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത് നാടിനെ സംബന്ധിച്ച് വലിയ അഭിമാനമാകും.

കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ വെള്ളിമെഡല്‍ നേടിയ താരമാണ് നിതിന്‍. ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഗ്രൂപ്പ് മത്സരിച്ച ഏക മലയാളിയും. കുറച്ചുകാലമായി ഗുജറാത്തിയിലെ സായിയില്‍ പരിശീലനത്തിലാണ് നിതിന്‍. മുചുകുന്ന് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ബാലന്റെയും പ്രേമയുടെയും മകനാണ്. തന്റെ സ്വപനമായ ഏഷ്യന്‍ഗെയിംസില്‍ മത്സരിക്കണമെന്ന ആഗ്രത്തിന് ഇനിയും കടമ്പകള്‍ ഏറെയുണ്ട്. അതിന് സാമ്പത്തിക സഹായം ഏറെ ആവശ്യമാണ്. ഇനിയും രണ്ടരലക്ഷത്തോളം രൂപ ആവശ്യമാണ്. സുമനസ്സുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഗ്രാമ പഞ്ചായത്തിന്റെയും ടീം യുവയുടെയും നേതൃത്വത്തില്‍ സുമനസ്സൂകളില്‍ നിന്നും നിതിനു വേണ്ടി പിരിച്ചെടുത്ത തുക
പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാറും വാര്‍ഡ് മെംബര്‍ എം.പി അഖിലയും യുവയുടെ മെംബര്‍മാരും ചേര്‍ന്ന് നിതിന്റെ വീട്ടിലെത്തി രക്ഷിതാക്കള്‍ക്ക് കൈമാറി.

Description: