കൃഷി ഭീഷണിയായ ഇലതീനി പുഴുവിനെ തുരത്താം; കര്‍ഷകര്‍ക്ക് നിയന്ത്രണ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മൂടാടി കൃഷിഭവന്‍


മൂടാടി: വിളകള്‍ക്ക് ഭീഷണിയായ ഇലതീനിപ്പുഴുവിനെ തുരത്താന്‍ കര്‍ഷകര്‍ക്ക് നിയന്ത്രണ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മൂടാടി കൃഷിഭവന്‍. പുഴുക്കള്‍ കാരണം വാഴ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകള്‍ക്ക് വലിയ തോതില്‍ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍: കളകള്‍ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കുക.

കീടബാധയുള്ള ഇലകള്‍ പറിച്ചെടുത്തോ, പുഴക്കളെ കൂട്ടമായി കാണുന്ന ഇലഭാഗം മുറിച്ചെടുത്തോ നശിപ്പിക്കുക.

ആദ്യഘട്ടത്തില്‍ മിത്ര ജീവാണുക്കളായ ബ്യൂവേറിയ ബാസ്സിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയത് ബാസ്സിലസ് തുറിഞ്ചിയന്‍സിസ് മൂന്ന് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളുടെ മുകളിലും അടിയിലും ഇലക്കവിളുകളിലും തളിക്കുക.

ജൈവകീടനാശിനികളായ നന്മ, ശ്രേയ എന്നിവയിലൊന്ന് 10 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളുടെ രണ്ടു വശങ്ങളിലുമായി തളിക്കുക.

ജൈവ കീടനാശിനിയായ ഗോമൂത്രം കാന്താരി മിശ്രിതം പുഴുക്കളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ 20 ഗ്രാം കാന്താരിമുളക് അരച്ചത് ചേര്‍ത്തിളക്കി, സോപ്പ് ലായനിയും പത്തുലിറ്റര്‍ വെള്ളവും ചേര്‍ത്ത് നേര്‍പ്പിച്ച് അരിച്ചെടുത്ത് ഇലകളില്‍ തളിക്കുക. തളിക്കുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം.

കീടാക്രമണം രൂക്ഷമായാല്‍ രാസകീടനാശിനികളായ ക്ലോറാന്‍ട്രൈനിപ്പോള്‍ 18.5 എസ്.സി മൂന്ന് മില്ലി പത്തുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും ഫ്‌ലുബെന്റമൈഡ് രണ്ടു മില്ലി പത്തുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയതും സ്‌പ്രേയര്‍ ഉപയോഗിച്ച് തളിച്ചുകൊടുക്കാം.

ജൈവകീടനാശിനികള്‍ ഇലകളുടെ ഇരുവശത്തും ഇലക്കവിളിലും ചുവട്ടിലും നല്‍കണം.

വാഴ, പച്ചക്കറി ഫലവൃക്ഷം തുടങ്ങിയവയ്ക്ക് ഭീഷണിയായി ഇലതീനിപുഴു, കമ്പിളിപ്പുഴു (ഹെയര്‍ കാറ്റെര്‍പില്ലര്‍സ്) വിഭാഗത്തില്‍പ്പെട്ടവയാണ്. തോട്ടങ്ങളിലെ കളകളില്‍ പെറ്റുപെരുകി വിള നശിപ്പിക്കുന്നത്. ഇലയുടെ അടിവശത്ത് പറ്റിപ്പിടിച്ച് ഹരിതകം കാര്‍ന്ന് തിന്നുന്നതോടെ ഇവ കരിഞ്ഞുണങ്ങും മുമ്പ് വാഴകളില്‍ മാത്രമായിരുന്നു കീടബാധ എങ്കില്‍ ഇപ്പോള്‍ ചെണ്ടുമല്ലി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളിലേക്കും പടര്‍ന്നിട്ടുണഅട്. കള കൂടുതലുള്ള തോട്ടങ്ങളിലാണ് ശല്യം കൂടുതലായി കാണപ്പെടുന്നത്.