കേള്‍വിക്കുറവുള്ളവര്‍ക്കായി താളം പദ്ധതിയുമായി മൂടാടി ഗ്രാമപഞ്ചായത്ത്; എഴുപത് പേര്‍ക്ക് ശ്രവണസഹായി വിതണം ചെയ്തു


മൂടാടി: ഗ്രാമപഞ്ചായത്തില്‍ കേള്‍വി കുറവുള്ളവരെ സഹായിക്കാനുള്ള താളം പദ്ധതിയുടെ ഭാഗമായി ശ്രവണ സഹായി വിതരണം ചെയ്തു. എഴുപത് പേര്‍ക്കാണ് ഈ വര്‍ഷം ശ്രവണ സഹായി നല്‍കിയത്. 8.4ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ഗ്രാമപഞ്ചായത്ത് ഇതിനായി വിനിയോഗിച്ചത്.

കഴിഞ്ഞവര്‍ഷം അരംഭിച്ച ഈ പദ്ധതി ഈ പ്രാവശ്യം വിപുലീകരിച്ച് കൂടുതല്‍ പേര്‍ക്ക് ലഭ്യമാകുന്നതരത്തിലാണ് നടപ്പാക്കിയത്. കേള്‍വി കുറവുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവരും 60 വയസ് കഴിഞ്ഞവയോജനങ്ങളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇ.എന്‍.ടി ഡോക്ടര്‍ ഓഡിയോളജിസ്റ്റ് എന്നിവരുടെ പരിശോധനകള്‍ക്ക് ശേഷമാണ് ശ്രവണ സഹായി നല്‍കുന്നത്. നന്തി കെല്‍ട്രോണിനാണ് വിതരണചുമതല.

പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ വിതരോണോദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി. അഖില അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് വയോജനക്ഷേമ സമിതി പ്രസിഡന്റ് കെ.കെ. ശശി, അസിസ്റ്റന്‍് സെക്രട്ടറി ടി.ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രാജലക്ഷ്മി നന്ദി പറഞ്ഞു.