‘മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും, ഞാന്‍ പവര്‍ഗ്രൂപ്പിലില്ല, വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രി, തകര്‍ക്കരുത്’; ഹേമ കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ലെന്നും പവര്‍ ഗ്രൂപ്പിനെക്കുറിച്ച് ആദ്യമായാണ് അറിയുന്നതെന്നും നടന്‍ മോഹന്‍ലാല്‍. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..
”കഴിഞ്ഞ 47 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നയാളാണ് ഞാന്‍. സിനിമ സമൂഹത്തിന്റെ ഒരു ഭാഗം മാത്രമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും. ഞാന്‍ അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വളരെയധികം സ്വാഗതാര്‍ഹമാണ്. ഞാന്‍ രണ്ടുവട്ടം ആ കമ്മിറ്റിയുടെ മുന്‍പില്‍ പോയിരുന്ന് സംസാരിച്ചയാളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. ഒരു കാര്യം മാത്രമല്ല ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്തെക്കെയാണ് അതെന്ന് എന്നെക്കാളും നിങ്ങള്‍ക്കറിയാം. ഒരുപാട് സംഘടനകള്‍ ഉള്ള ഇന്‍ഡസ്ട്രിയാണ് ഇത്. എല്ലാവരും ഇക്കാര്യത്തില്‍ സംസാരിക്കണം. കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണം എന്നാണ് എന്റെ അഭിപ്രായം. എനിക്ക് പറയാനുള്ളത് ഇതാണ്.
ഞങ്ങളെന്താണ് ചെയ്യേണ്ടത്. ഒരു ഇന്‍ഡസ്ട്രി തകര്‍ന്നുപോകുന്ന കാര്യമാണിത്. പതിനായിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നു. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണിത്. ഒരുപാട് നല്ല ആക്ടേഴ് ഉണ്ടായിരുന്ന, ഇപ്പോഴുള്ള, ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഇന്‍ഡസ്ട്രിയാണിത്. സിനിമ ഇന്‍ഡസ്ട്രിയെ തകര്‍ക്കരുത്.
അമ്മ എന്നതൊക്കെ വിടൂ. ഇപ്പോള്‍ മലയാള സിനിമയെക്കുറിച്ച് സംസാരിക്കൂ. ഞാന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. ഇതിനെക്കുറിച്ച് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. റിപ്പോര്‍ട്ട് വരട്ടെ. കാത്തിരിക്കൂ’, മോഹന്‍ലാല്‍ പറഞ്ഞു.
Summary: Mohanlal reacts to the Hema Committee controversy.