മലയാളത്തിന്റെ നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമ്മാനവുമായി മോഹൻലാൽ ഫാൻസ്‌ ക്ലബ്


കൊയിലാണ്ടി: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം. 42 വര്‍ഷങ്ങള്‍ കൊണ്ട് നാനൂറോളം ചിത്രങ്ങൾ കൊണ്ട് ജനമനസ്സിൽ ഒരിക്കലും മാറ്റമില്ലാത്ത കസേര ഉറപ്പിച്ചിരിക്കുകയാണ് ലാലേട്ടൻ. സ്ഥാനങ്ങളേറെ ഉയർന്നെങ്കിലും എണ്ണമറ്റ കാരുണ്യപ്രവൃത്തികളിലൂടെ കരുതലിന്റെ കൈ പിടിക്കാൻ ആ മഹാനടൻ മറന്നില്ല. ലാലേട്ടന്റെ അതെ മാതൃക പിന്തുടർന്നിരിക്കുകയാണ് കൊയിലാണ്ടിയിലെ മോഹൻലാൽ ഫാൻസ്‌ ക്ലബ്.

സിനിമ ലോകവും ആരാധകരും ജന്മദിനം ആഘോഷമാക്കിയപ്പോൾ നാടിനു കരുതലാവുകയാണ് ഇവിടുത്തെ ഫാൻസ്‌. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് വീൽചെയറുകൾ സമ്മാനിച്ചാണിവർ തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ 15 വർഷത്തോളം കാലമായി ഇവർ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുകയാണ്.

ആശുപത്രി സൂപ്രണ്ട് ഷീല ഗോപാലകൃഷ്ണൻ, ചെയർപേഴ്സൺ സുധ കെ, അഡ്വക്കറ്റ് സത്യൻ എന്നിവരുടെ നേതൃത്വത്തിൽ വീൽച്ചെയർ കൈമാറി. പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ സന്ധ്യ പള്ളിക്കര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.