മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയാത്തത് എം.എൽ.എ യുടെ പരാജയം: യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ.


മേപ്പയ്യൂർ: മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയാത്തത് എം.എൽ.എ ടി.പി രാമകൃഷ്ണന്റെ പരാജയമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ കമ്മീഷൻ ഭരണം അവസാനിപ്പിച്ച് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

മേപ്പയ്യൂർ നെല്ല്യാടി റോഡിന്റെ നിലവിലുളള ശോച്യാവസ്ഥ പരിഹരിക്കാൻ വേണ്ടി മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു നടത്തുന്ന ഏതു സമരങ്ങൾക്കും നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ പിന്തുണ ഉണ്ടാവുമെന്നും അതുകൊണ്ട് റോഡ് നവീകരിക്കുന്നതുവരെ സമരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജില്ലാ മുസ് ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ അസീസ് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പിന്റെയും, കിഫ്ബിയുടെയും കെടുകാര്യസ്ഥതയും, ദൂർത്തും അവസാനിപ്പിച്ച് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. മേപ്പയ്യൂർ നെല്ല്യാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ 24 ന് നടത്തുന്ന കിഫ്ബി ഓഫിസ് മാർച്ചിനു ശേഷം തിരുവനന്തപുരത്തുളള പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും സി.പി.എ അസീസ് സൂചിപ്പിച്ചു.

ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി. ഇ അശോകൻ, ടി.കെ.എ ലത്തീഫ്,കെ.പി രാമചന്ദ്രൻ, പി.കെ അനീഷ്, കന്മന അബ്ദുറഹിമാൻ, റാബിയ എടത്തുക്കണ്ടി സംസാരിച്ചു. കൺവീനർ എം.കെ അബ്ദുറഹിമാൻ സ്വാഗതവും എം.എം അഷറഫ് നന്ദിയും പറഞ്ഞു.

പൊതുയോഗത്തിന് മുൻപ് മേപ്പയ്യുർ ടൗണിൽ യു.ഡി.എഫ് നേതാക്കളും,പ്രവർത്തകരും ശക്തമായ പ്രതിഷേധ പ്രകടനം നടത്തി.മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവർ കളരിപ്പറമ്പിൽ വിജീഷിന്റെ അകാല വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.