പി.വി സത്യനാഥന്റെ കൊലപാതകം: ‘സിപിഎം സത്യാവസ്ഥ പരിശോധിച്ച് ജനങ്ങളെ അറിയിക്കണം’; സത്യനാഥന്റെ വീട് സന്ദർശിച്ച് കെ.കെ രമ എംഎല്‍എ
കൊയിലാണ്ടി: ‘സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.വി സത്യനാഥനെ അരുംകൊല ചെയ്തിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത അകറ്റാനോ എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാനോ പോലീസിന് ഇത് വരെ സാധിച്ചിട്ടില്ലെന്ന് കെ.കെ രമ എം എൽ എ പറഞ്ഞു. സത്യനാഥൻ്റെ വീടുസന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
പാർട്ടി അനുഭാവി പാർട്ടി നേതാവായ പി.വി സത്യനാഥന കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് സി പി എം സംഘടനാപരമായി പരിശോധിച്ച് സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം. സംസ്ഥാന ഭരണകക്ഷി നേതാവിനെ കൊല ചെയ്തിട്ടും പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടാവുന്ന മെല്ലെപ്പോക്ക് സമീപനം ശരിയല്ലെന്നും രമ പറഞ്ഞു. വീട്ടിലെത്തിയ എം എൽ എ സത്യനാഥൻ്റെ ഭാര്യയേയും മക്കളേയും ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളോടും നാട്ടുകാരോടും സംസാരിച്ചു. സത്യം പുറത്തു കൊണ്ടുവരുന്നതിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തു.
ഫെബ്രുവരി 22ന് രാത്രി പത്ത് മണിയോടെയായിരുന്നു മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തു വെച്ച് സത്യനാഥന് വെട്ടേറ്റത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഉടനെതന്നെ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.