‘എം.എല്‍.എ ഓഫീസ് മാര്‍ച്ചിനുള്ള യൂത്ത് ലീഗിന്റെ നീക്കം പ്രഹസനം; ഇതിനകം പരിഹാരമായ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ സമരം ചെയ്തതിനെ തുടര്‍ന്ന് നടപ്പിലായെന്ന് ഫോട്ടോ പ്രചരിപ്പിച്ച് പറയാനുള്ള വില കുറഞ്ഞ ശ്രമം’ വിമര്‍ശനവുമായി കാനത്തില്‍ ജമീല എം.എല്‍.എ


കൊയിലാണ്ടി: ജൂലൈ 27 ശനിയാഴ്ച മുസ് ലിം യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി എം.എല്‍.എ ഓഫീസിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് പ്രഹസനമെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. എം.എല്‍.എ ഇടപെടുകയും ഇതിനകം പരിഹരിക്കപ്പെടുകയും ചെയ്ത വിഷയങ്ങളാണ് മാര്‍ച്ച് നടത്താനുള്ള കാരണമായി യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത് ഞങ്ങള്‍ സമരം ചെയ്തതിനെ തുടര്‍ന്നാണെന്ന് പ്രചരിപ്പിക്കാനുള്ള ഫോട്ടോയ്ക്കുവേണ്ടിയാണ് ഈ സമരമെന്നും എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള വെള്ളക്കെട്ട്, റോഡ് തകര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ വൈകുന്നേരം മുനിസിപ്പാലിറ്റി ഓഫീസില്‍ നടന്ന മൂന്നരമണിക്കൂറോളം നീണ്ട യോഗത്തില്‍ തീരുമാനമായതാണ്. ഇന്നത്തെ മിക്ക മാധ്യമങ്ങളിലും ഇക്കാര്യം വാര്‍ത്തയായി വന്നിട്ടുമുണ്ട്. ലീഗ്, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികളുടെയടക്കം പ്രതിനിധികളും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തതാണ്. ഇതുപ്രകാരം പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും എഞ്ചിനിയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് റോഡ് ഗതാഗത യോഗ്യമാക്കാനും ഡ്രൈനേജ് സിസ്റ്റം പൂര്‍ണമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. കല്‍വര്‍ട്ട് സിസ്റ്റം വേണ്ടിടങ്ങളില്‍ എഞ്ചിനിയര്‍മാര്‍ പരിശോധിച്ച് സ്‌കെച്ച് തയ്യാറാക്കാനും തീരുമാനമായതാണ്. ഇതെല്ലാം അറിഞ്ഞ് സന്തോഷത്തോടെയാണ് ഇന്നലെ യോഗം പിരിഞ്ഞത്. എന്നിരിക്കെ ദേശീയപാതയുടെ പ്രശ്‌നം പരിഹരിക്കാന്‍ എം.എല്‍.എ ഇടപെട്ടില്ലെന്ന് ആരോപിച്ച് സമരം ചെയ്യേണ്ട ആവശ്യകതയെന്താണെന്നും അവര്‍ ചോദിക്കുന്നു.

കേരളത്തില്‍ രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരങ്ങളെ 10 ഹോട്ട്‌സ്‌പോട്ടുകളാക്കി തിരിച്ചതില്‍ ഒന്നാണ് കാപ്പാട് തീരം. ഇത്തരം തീവ്ര കടലാക്രമണ ഭീഷണിയുള്ള തീരങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാനസര്‍ക്കാന്‍ കിഫ്ബിയില്‍ നിന്നും 5500 കോടിരൂപ അനുവദിക്കാന്‍ തീരുമാനിക്കുകയും ശാസ്ത്രീയമായ പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമായ ‘ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് എന്ന കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കാപ്പാടുള്‍പ്പെടെയുളള തീരങ്ങളില്‍ എന്‍.സി.സി.ആര്‍ വിശദമായ പഠനം നടത്തുകയും ഡിസൈന്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കിഫ്ബിയെ കൂടി ഉള്‍പ്പെടുത്തിയതോടെ കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് പ്രതിസന്ധിയിലായി. എന്നാല്‍ അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന കാപ്പാടിനെ ഏതുവിധേനയും സംരക്ഷിക്കേണ്ട സാഹചര്യമായതിനാല്‍ 2024 – 25 ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ആറു കോടി രൂപ വകയിരുത്തുകയും ഭരണാനുമതി നല്‍കുകയും ചെയ്തു. അതിന്റെ സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെണ്ടര്‍ ചെയ്ത് പ്രവൃത്തി ആരംഭിച്ച് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകും. കൂടാതെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കല്ലിടുന്നതിന് അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തി തുടങ്ങിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.

കൊയിലാണ്ടി കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനായി ഇതിനകം സ്ഥലം ഏറ്റെടുത്തതാണ്. എന്നാല്‍ ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി റീട്ടെയ്ന്‍വാള്‍ കെട്ടിയപ്പോള്‍ ഈ മേഖലയിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പ്രയാസമാണെന്ന പ്രശ്‌നം വന്നു. കഴിഞ്ഞദിവസം എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി അധികൃതര്‍ അടക്കമുള്ള സംഘം അവിടം സന്ദര്‍ശിക്കുകയും പ്രദേശത്തെ ഒരു ഭാഗത്ത് സ്ലോപ്പാക്കി റോഡ് നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് തീരുമാനമായതുമാണ്. ഇതെല്ലാം മാധ്യമങ്ങളില്‍ വന്നതാണെന്നിരിക്കെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നതിനെ പ്രഹസനം എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നും എം.എല്‍.എ ചോദിക്കുന്നു.

നേരത്തെ കൊയിലാണ്ടിയുടെ വിവിധ ഇടങ്ങളില്‍ അടിപ്പാത വേണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നപ്പോള്‍ എം.എല്‍.എ എന്ന നിലയില്‍ ശക്തമായി നിലകൊള്ളുകയും അത് വിജയം കാണുകയും ചെയ്തിരുന്നു. പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ് തുടങ്ങിയ ഇടങ്ങളിലാണ് അടിപ്പാത അനുവദിക്കപ്പെട്ടത്. അന്ന് അടിപ്പാതകള്‍ക്കുവേണ്ടി ജനകീയ സമരങ്ങള്‍ നടന്നപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്ത അന്നത്തെ എം.പി കെ.മുരളീധരന്‍ പിന്നീട് അതിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് രംഗത്തുവന്നിരുന്നെന്നും കാനത്തില്‍ ജമീല ഓര്‍മ്മിപ്പിച്ചു.