കാണാതായ വടകര സ്വദേശി മരിച്ച നിലയിൽ
വടകര: രണ്ടുദിവസം മുമ്പ് വടകരയിൽനിന്ന് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. പൂവാടൻഗേറ്റിനു സമീപം പുളിക്കൂൽ ശശി(61)യെയാണ് വീടിനു സമീപത്തെ വരോൽ കഞ്ഞിപ്പുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഇവിടെ വിളക്കുവയ്ക്കാനെത്തിയ സ്ത്രീയാണ് ഹാളിന്റെ വരാന്തയോട് ചേർന്ന് ശശിയുടെ മൃതദേഹം കണ്ടെത്തിയത്.
ശശിയെ ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. കാണാതായതിനെ തുടർന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും വ്യാപകമായി അന്വേഷിച്ചു വരുന്നതിനിടയിലാണ് മൃതദേഹം കണ്ടത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ശശിയുടെ ഭാര്യ: വിനോദിനി. മക്കൾ: ശ്യാംലി, അതുൽ. മരുമക്കൾ: ശ്രീജിത്ത്, അനശ്വര.